Skip to main content

ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി  എത്തിച്ച് നല്‍കണം- ജില്ലാ കലക്ടര്‍

 

 

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്തിച്ച് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ദുര്‍ബല വിഭാഗങ്ങളുടെയും രോഗികളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുകയും സുപ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്തതായി കലക്ടര്‍ അറിയിച്ചു.

ലോക്ഡൗണിന്റെ സാഹചര്യത്തില്‍ വൃക്ക/കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികള്‍, ക്യാന്‍സര്‍ / കീമോതെറാപ്പിക്ക് വിധേയരാവുന്ന രോഗികള്‍ എന്നിവര്‍ക്ക് മരുന്നുകള്‍ ലഭ്യമാവാത്ത അവസ്ഥ നേരിടുന്നുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മരുന്നുകള്‍ ലഭ്യമാവുന്ന സ്ഥാപനങ്ങളില്‍ നിന്നും അവ എത്തിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം.

സര്‍ക്കാര്‍ ആശുപത്രികളില്‍/ കാരുണ്യ സെന്ററുകളില്‍ മരുന്നുകള്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ പാവപ്പെട്ടവരും ഏറ്റവും അത്യാവശ്യമുള്ളവരുമായ രോഗികള്‍ക്ക് അവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പൊതുമാര്‍ക്കറ്റില്‍ നിന്നും വാങ്ങി നല്‍കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഇതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹെല്‍പ് ഡസ്‌ക് ആരംഭിക്കേണ്ടതാണ് .ഇതിന്റെ ഏകോപനത്തിനായി ദുരന്തനിവാരണ വകുപ്പ്  
ഡപ്യൂട്ടി കലക്ടറും (8547616018 ) ഡോ.എന്‍ സിജേഷും (8848266304) നോഡല്‍ ഓഫീസര്‍മാരായി കലക്ട്രേറ്റില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിപ്പിക്കും.
 
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് നല്‍കുന്ന ഭക്ഷണ കിറ്റ് ലഭ്യമായി എന്ന് ഉറപ്പു വരുത്തേണ്ടതും അവര്‍ക്ക് ആവശ്യമുള്ള പക്ഷം പച്ചക്കറികള്‍ വിതരണം ചെയ്യേണ്ടതും ബന്ധപ്പെട്ട തദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.  ഇതും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താവുന്നതാണ്. 
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അതിന്റെ പരിധിയില്‍ പെടുന്നവരും നിലവില്‍ ജില്ലക്ക് പുറത്ത് താമസിക്കുന്നവരുമായ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷേമം ഉറപ്പ് വരുത്തുന്നതിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'കോഴിക്കോടന്‍ ഹെല്‍പ് ഡസ്‌കി'ന്റെ മാതൃകയില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങേണ്ടതാണ്.  ഇതിന്റെ നോഡല്‍ ഓഫീസര്‍മാര്‍  കോഴിക്കോട് സബ് കലക്ടറും (9447175458) ഡോ. എന്‍. സിജേഷു (8848266304)മാണ്.  

കുടിവെള്ള ക്ഷാമം രൂക്ഷമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിച്ച് കുടിവെള്ള വിതരണം നടത്തണം.  ഇതിനാവശ്യമായ വാഹന പെര്‍മിറ്റ് കോവിഡ് 19 ജാഗ്രത എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.  കുടിവെള്ള വിതരണത്തിനാവശ്യമായ വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്.

ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം പോലീസിനേയും ബന്ധപ്പെട്ട സ്‌ക്വാഡുകളെയും അറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍  സാംബശിവറാവു ഉത്തരവില്‍ അറിയിച്ചു.

date