Skip to main content

'കെയര്‍ ഫോര്‍ കാസര്‍കോട്' കര്‍മപദ്ധതിരേഖ അറിയാം

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. അതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കാസറഗോഡ് ജില്ലയില്‍  കോവി ഡ് 19 വ്യാപനം തടയുന്നതിനുള്ളപ്രതിരോധത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി ഫലപ്രദമായി സ്വീകരിക്കുന്ന നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന കര്‍മപദ്ധതിരേഖ യാണ് കെയര്‍ഫോര്‍ കാസറഗോഡ്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും പോലീസും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു കുടക്കീഴിലാണ് ഇത് നടപ്പിലാക്കുന്നത്.   കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും ഹോസ്പിറ്റല്‍ ക്വാറന്റൈനിലുണ്ടായിരുന്ന രോഗികള്‍ രോഗം മാറി ആശുപത്രി വിട്ടതും റൂം ക്വാ റൈറ്റനിലുള്ളവര്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞ് ലോക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും കര്‍ശനമായി നടപ്പാക്കിയതിന്റെയും പ്രാഥമിക വിജയമാണ്. കൊവിഡ്-19 സ്ഥിരീകരിച്ച രോഗികളുടേയും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടേയും സാമ്പിള്‍ ശേഖരണത്തിലും ക്വാറന്റെന്‍ ചെയ്യുന്നതിലും സാധിച്ചതിനാല്‍ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരുടെ സര്‍വ്വേ നടത്തി ആവശ്യമായവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനനടത്തേണ്ടതുണ്ട്. വിദേശത്ത് നിന്നു വന്നവരിലും ഏറ്റവും അടുത്ത് സമ്പര്‍ക്ക പുലര്‍ത്തിയവരിലും മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൃത്യമായ റൂട്ട് മാപ്പും ട്രാവല്‍ ഹിസ്റ്ററിയും തയ്യാറാക്കാന്‍ സാധിച്ചതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു. 

 

ഇന്‍സിഡന്റ് കമാന്ഡേഴ്സ്

വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ജില്ലയില്‍ ഇന്‍സിഡന്റ് കമാന്‍ഡേഴ്സിനെ നിയമിച്ചിരുന്നു. ജില്ലയിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങള്‍ തിരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു െഐ എ എസ്  നിയമിച്ചത്. ഇന്‍സിഡന്റ് കമാന്‍ഡേഴ്സിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ പ്രദേശത്തെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. എഡിഎം-ജില്ലാ ചുമതല, സബ് കളക്ടര്‍-കാഞ്ഞങ്ങാട് സബ് ഡിവിഷന്‍, ആര്‍ഡിഒ-കാസര്‍കോട് സബ് ഡിവിഷന്‍, തഹസില്‍ദാര്‍മാര്‍ അതത് താലൂക്കുകള്‍ എന്നിങ്ങനെയാണ് ചുമതലകള്‍ നല്‍കിയത്. വില വര്‍ധന, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരേ പോലിസിന്റെ സഹായത്തോടെ പരിശോധനയും നടത്തിയിരുന്നു.

 

ലോക്ഡൗണ്‍

പ്രത്യേക സാഹചര്യം പരിഗണിച്ച് ജില്ലയില്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് കര്‍മപദ്ധതി തയ്യാറാക്കിയത്.

ഇതുപ്രകാരം വിവിധ പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസ് ബാധ കൂടുതലായി റിപോര്‍ട്ട് ചെയ്ത കാസര്‍കോട് നഗരമേഖലകളിലും രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലും ഡബിള്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കെയര്‍ഫോര്‍ കാസര്‍കോട് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നിശ്ചയിച്ച ക്ലസ്റ്റര്‍, ബഫര്‍ സോണുകളില്‍ ഐജി വിജയ് സാഖറെ കജട ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി.

 

കൊറോണ കണ്ട്രോള്‍ റൂം

 2020 ഫെബ്രുവരി മൂന്നിന് ആദ്യത്തെ പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്തത് മുതല്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊറോണ കണ്ട്രോള്‍ സെല്‍  സജീവമായി പ്രവര്‍ത്തിക്കുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി ആദ്യ കോവി ഡ് ആശുപത്രിയായി മാതൃകയായി പ്രവര്‍ത്തിച്ചു വരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കാന്‍ വിവിധ ഘട്ടങ്ങളായുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ സഹായിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ള പ്രത്യേക ആരോഗ്യ സംഘത്തെ തയ്യാറാക്കി. 

 

പരിശോധനാ ക്രമം

ഹോം ഐസൊലേഷന്‍, കൊറോണ കെയര്‍ സെന്റര്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ്, ജനറല്‍-ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിങ്ങനെ കോവിഡ് നിയന്ത്രണത്തിനും പരിചരണത്തിനും ചികിത്സാ ശ്രേണി തയ്യാറാക്കി. അഞ്ചുഘട്ടമായുള്ള പരിശോധനാക്രമമാണ് ജില്ലയില്‍ സ്വീകരിച്ചത്.

 

ഒന്നാം ഘട്ടത്തില്‍ മെഡിക്കല്‍ ഓഫീസര്‍ കോവിഡ് 19 പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്ന രോഗിയെ സംബന്ധിച്ച വിവരം ജനറല്‍ ആശുപത്രിയിലേക്കും ജില്ലാ സര്‍വലന്‍സ് ഓഫീസറെയും ഫോണ്‍ മുഖേന അറിയിക്കും. രണ്ടാം ഘട്ടത്തില്‍ ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി എം ഒ പോലീസ് സഹായം തേടും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലീസും ആംബുലന്‍സില്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുന്ന വ്യക്തിയുടെ അടുത്തെത്തും. വ്യക്തിയെ സമീപിച്ച് ഐസോലേഷനില്‍ പോകേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും പരിശോധനയെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കി ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതാണ് മൂന്നാം ഘട്ടം. നാലാം ഘട്ടത്തില്‍ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ സാമ്പിള്‍ എടുത്ത ശേഷം തഹസില്‍ദാര്‍മാരുടെയോ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയോ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.ഇവര്‍ക്കുള്ള ആഹാരം നല്‍കേണ്ട ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്. അഞ്ചാം ഘട്ടത്തില്‍ കോവിഡ് 19 പരിശോധനയുടെ ഫലത്തിനനുസരിച്ച് ഡി എം ഒ യുടെ നിര്‍ദ്ദേശപ്രകാരം അനന്തര നടപടികള്‍ സ്വീകരിക്കും.

 

കാസര്‍കോട് മെഡിക്കല്‍ കോളേജ് 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം  തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി  ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

 

ചികിത്സയ്ക്ക് ബെഡുകള്‍ 

വൈറസ് ബാധയെ തുടര്‍ന്ന് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ജില്ലയില്‍ വ്യാപകമായി ബെഡുകള്‍ തയ്യാറാക്കി. പ്ലാന്‍ എയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ 709 ബെഡും 24 ഐസിയു ബെഡും തയ്യാറാക്കി. പ്ലാന്‍ ബിയില്‍ തൃക്കരിപ്പൂര്‍, പുടംകല്ല് താലൂക്ക് ആശുപത്രികള്‍, പെരിയ, ബദിയഡുക്ക സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ 101 ബെഡ് തയ്യാറാക്കി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിയുള്‍പ്പെടുന്ന പ്ലാന്‍ സിയില്‍ 936 ബെഡുകളും 10 ഐസിയുകളും സജ്ജീകരിച്ചു. ഇത് കൂടാതെ ഐസൊലേഷന് വേണ്ടി ഏഴ് കോവിഡ് കെയര്‍ സെന്ററുകളിലായി 345 ബെഡുകള്‍ തയ്യാറാക്കി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി നിശ്ചയിച്ച 11 സ്ഥാപനങ്ങളില്‍ 404 ബെഡുകളാണ് സജ്ജീകരിച്ചത്. 

 

കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധന 

പെരിയയില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ പി സി ആര്‍ ലാബില്‍ സാമ്പിള്‍ പരിശോധനാ കേന്ദ്രം ആരംഭിച്ചു. സി പി സി ആര്‍ ഐ യുടെ ലാബ് സംവിധാനവും ഇതിന് നല്‍കി.ആരോഗ്യ വകുപ്പ് പരിശോധനയക്ക് കൈമാറുന്ന സ്രവം പി സിആര്‍ മെഷിന്‍ വഴി ആറു മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉപയോഗിച്ചാണ് ഫലം നിര്‍ണ്ണയിക്കുന്നത്.ആദ്യപരിശോധനയില്‍ പോസറ്റീവ് ആകുന്ന സാമ്പിള്‍ വീണ്ടും രണ്ടര മണിക്കൂര്‍ ഉപയോഗിച്ച് പരിശോധിച്ച് ഫലം ഉറപ്പിക്കും. 

 

പിന്തുണയുമായി സഹായ ഫണ്ടുകള്‍

ജില്ലയിലെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി ജനപ്രതിനിധികള്‍ പ്രാദേശിക വികസന നിധിയും ആസ്തിവികസന ഫണ്ടും അനുവദിച്ചു. കെ എസ് ഇ ബി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

 

കമ്യൂണിറ്റി കിച്ചണുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെ ജില്ലയില്‍ വ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 49 സാമൂഹിക അടുക്കളകളാണ് സജ്ജീകരിച്ചത്. ഇതിലൂടെ അതിഥി തൊഴിലാളികളടക്കമുള്ള 11050 പേര്‍ക്കാണ് ഭക്ഷണ കിറ്റ് നല്‍കിയത്.  വാര്‍ഡ്തല ജനജാഗ്രതാ സമിതിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുത്തു. സൗജന്യ റേഷന്‍ പലപ് വ്യഞ്ജനകിറ്റ്  അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യസാധന കിറ്റ് എന്നിവ വിതരണം ചെയ്തു.

അതിര്‍ത്തി വഴി മംഗലാപുരത്തെ ആശുപത്രികളിലേക്ക് ആംബുലന്‍സുകള്‍ക്ക് പ്രവേശനം നല്‍കാതിരുന്ന കര്‍ണാടക സര്‍ക്കാറിന്റെ നടപടി നയപരമായ ഇടപെടലിലൂടെ പരിഹരിച്ചു.

 

ഔദ്യോഗിക വാര്‍ത്തകള്‍ പിആര്‍ഡിയിലൂടെ മാത്രം

പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രത്യേക പത്രക്കുറിപ്പുകള്‍ നല്‍കി. പോസ്റ്ററുകള്‍ തയ്യാറാക്കിയും ഇപേപ്പര്‍, ഫേസ് ബുക്ക് വാട്സ് ആപ് എന്നിവയിലൂടേയും ജനസമ്പര്‍ക്കവും ബോധവല്‍ക്കരണവും കാര്യക്ഷമമാക്കി. മാധ്യമങ്ങള്‍ക്ക് പി ആര്‍ഡിയില്‍ നിന്ന് മാത്രം വിവരങ്ങള്‍ ഔദ്യോഗികമായി നല്‍കാന്‍ സംവിധാനം ഒരുക്കി. സെലിബ്രിറ്റികളുടേയും ഉന്നത വ്യക്തികളുടേയും പ്രതികരണങ്ങളുടേയും വീഡിയോകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും ബോധവല്‍ക്കരണം നല്‍കി. ജില്ലാ കളക്ടര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഫേസ് ബുക്ക് ലൈവില്‍ വന്ന് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

 

പ്രത്യേക കര്‍മ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതിനാല്‍ ജില്ലയില്‍ കൊറോണ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുജനങ്ങളുടെ കൂടി പിന്തുണയോടെയാണ് ഇത് സാധ്യമായത്.  ജില്ലാ ഭരണകൂടത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ്‌കുമാര്‍ ശര്‍മ യും ക്രമസമാധാനം ഉറപ്പു വരുത്തി. ലോക് ഡൗണ്‍ ശക്തമായി നടപ്പാക്കാന്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ ഐജി വിജയ് സാഖറെയേയും ഉത്തരമേഖല ഐജി അശോക് യാദവിനെയുും വനിതാ പോലീസ് കമാന്‍ഡന്റ എസ് പി  ഡി ശില്‍പയേയും മുഖ്യമന്ത്രി നിയോഗിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു ന്റെയും ജില്ലാ പോലീസ് മേധാവി പി എസ് സാബു ന്റേയും ആരോഗ്യ വകുപ്പിന്റെ ജില്ലയിലെ അമരക്കാരായ ഡി എം ഒ ഡോ എ വി രാംദാസ്, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ് എന്‍ എച്ച് എം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ എന്നിവരുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ കര്‍മ രേഖയാണിത്. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ് . എഡിഎം  എന്‍ ദേവിദാസ് , കാസറഗോഡ് ആര്‍ഡിഒ  ടി ആര്‍ അഹമ്മദ് കബീര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍  രജികുമാര്‍ , ജില്ലാ സപ്ലൈ ഓഫീസര്‍  വി കെ ശശീന്ദ്രന്‍ ജില്ലാ ലേബര്‍ ഓഫീസര്‍  കേശവന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍  ടി ടി സുരേന്ദ്രന്‍  തുടങ്ങിയവര്‍ ചാര്‍ജ് ഓഫീസര്‍മാര്‍.

 

date