Skip to main content

കോവിഡ് 19: വിഷു ദിനത്തില്‍ 10,677 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി മലപ്പുറം ജില്ലയിലെ സാമൂഹിക അടുക്കളകള്‍

 
ലോക് ഡൗണ്‍ നിലനില്‍ക്കെ, വിഷു ദിനത്തില്‍ (ഏപ്രില്‍ 14) 10,677 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി ജില്ലയിലെ സാമൂഹിക അടുക്കളകള്‍. അവശ വിഭാഗങ്ങള്‍,  നിത്യ രോഗികള്‍, അഗതികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി സൗജന്യമായി ഭക്ഷണ പൊതികള്‍ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഭക്ഷണ ലഭ്യതയില്ലാത്തവര്‍ക്ക് 20 രൂപ നിരക്കിലും മൂന്നു നേരം ഭക്ഷണ പൊതികള്‍ നല്‍കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന 109 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 14) 11,436 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 1,246 പേര്‍ക്ക് പ്രാതലും 4,578 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളില്‍ 7,104 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 6,977 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,054 പേര്‍ക്ക് പ്രാതലും 3,529 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,332 ഉച്ചഭക്ഷണ പൊതികളില്‍ 3,690 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 192 പേര്‍ക്ക് പ്രാതലും 1,049 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.
 

date