Skip to main content

കോവിഡ് 19 വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കി കുടുംബശ്രീ

കോവിഡ് 19 നെ തുടര്‍ന്നുള്ള അതീവ ജാഗ്രതയിലും അഗതി രഹിത കേരളം പദ്ധതിയിലെ 9000 ലധികം വരുന്ന വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന നിരീക്ഷണ സര്‍വെ മൂന്നാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 175 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴി നേരിട്ടും ഫോണ്‍ വിളിച്ചുമാണ് വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത്. ഇതിനോടകം 239 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഉച്ചഭക്ഷണം ഉറപ്പാക്കാന്‍ സാധിച്ചു.
ഹൃദ്രോഗികള്‍, വൃക്ക രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, കരള്‍ രോഗികള്‍ എന്നിങ്ങനെ മാരകമായ രോഗം അനുഭവിക്കുന്നവര്‍ക്കുള്‍പ്പെടെ 66 പേര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ കൃത്യമായി മരുന്ന് എത്തിയ്ക്കുവാനും സാധിച്ചു. പുറത്തിറങ്ങുവാനോ ആരോടും സംസാരിക്കുവാനോ ഇല്ലാതെ ഒറ്റപ്പെട്ടിരുന്ന പല മാതാപിതാക്കള്‍ക്കും കുടുംബശ്രീയുടെ ഈ പ്രവര്‍ത്തനം വലിയ ആശ്വാസമായിരുന്നു. പലരും പ്രതീക്ഷിക്കാത്ത നേരത്ത് തങ്ങളുടെ ക്ഷേമം അന്വേഷിച്ചെത്തിയ ഫോണ്‍ കോളില്‍ കരഞ്ഞു കൊണ്ടാണ് റിസോഴ്‌സ് പേഴ്‌സണ്‍മാരോട് സംസാരിച്ചത്. അഗതികളായ വയോജനങ്ങളുടെ ക്ഷേമം അന്വേഷിക്കുവാനും അതത് സമയം വേണ്ട അവശ്യ സേവനങ്ങള്‍ എന്തൊക്കെയെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മുഖാന്തരം ആരോഗ്യ മേഖലയേയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാന്‍ ലഭിച്ച അവസരം വളരെ സന്തോഷത്തോടെയാണ് റിസോഴ്‌സ് പേഴ്‌സണ്മാര്‍ വിനിയോഗിക്കുന്നത്.
50 വയോജനങ്ങള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയോഗിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹിക വികസനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബ്‌നി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കുകയും ചെയ്യുന്നു.
(പി.ആര്‍.കെ. നമ്പര്‍. 1130/2020)

 

date