Skip to main content

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം:  മലപ്പുറം ജില്ലയില്‍ 51,363 എ.എ.വൈ കുടുംബങ്ങള്‍ കൈപ്പറ്റി

 

കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് അര്‍ഹരായവര്‍ക്ക് വിട്ട് നല്‍കാം

 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന  സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഈ വിഭാഗത്തില്‍ 51,363 കുടുംബങ്ങളാണ് ഇതുവരെ  ഭക്ഷ്യധാന്യ കിറ്റുകള്‍ കൈപ്പറ്റിയത്.  ഇതോടെ എ.എ.വൈ. വിഭാഗത്തില്‍പ്പെട്ട 97 ശതമാനം കുടുംബങ്ങള്‍ക്കും ജില്ലയില്‍ കിറ്റ് നല്‍കി കഴിഞ്ഞു.  

നിലവില്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് റേഷന്‍ കട സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍   ഭക്ഷ്യ ധാന്യ കിറ്റ് താമസ സ്ഥലത്തെ റേഷന്‍ കടയില്‍ നിന്നും പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് കൈപ്പറ്റാമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനായി അതത് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലര്‍  സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം.

ഭക്ഷ്യ ധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് കൂടുതല്‍ അര്‍ഹരായവര്‍ക്കായി കിറ്റ് വിട്ടു നല്‍കാം.   എസ്.എം.എസിലൂടെയും ഓണ്‍ലൈന്‍ മുഖേനയുമാണ് കിറ്റുകള്‍ വിട്ടുനല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നും കാര്‍ഡ്  നമ്പര്‍  6235 280 280 എന്ന നമ്പരിലേക്ക് എസ്.എം.എസ് ചെയ്തും www.civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റിലെ Donate My Kit എന്ന ഭാഗം ക്ലിക്ക് ചെയ്ത് റേഷന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ത്തും  കിറ്റ് വിട്ടു നല്‍കാമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date