Skip to main content
.കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ പൈനാപ്പിള്‍ ചലഞ്ച്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട ഉദ്ഘാടനം ചെയ്യുന്നു.

കാര്‍ഷികോല്പ്പന്ന വില്പനശാല പ്രയോജനപ്രദം: പൈനാപ്പിള്‍ ചലഞ്ചിലൂടെ ഹൈറേഞ്ചില്‍ ഒറ്റ ദിവസം വിറ്റഴിച്ചത് 9 ടണ്‍ പൈനാപ്പിള്‍

ലോക്ക്ഡൗണില്‍  വിളവെടുക്കാറായ കാര്‍ഷികോല്പ്പന്നങ്ങള്‍ നശിച്ചുപോകാതെ കര്‍ഷകരെ സഹായിക്കുന്നതിനായി
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍
ആരംഭിച്ച ഫാര്‍മേഴ്‌സ് റീട്ടെയ്ല്‍ ഔട്ട് ലെറ്റുകള്‍ വിജയം കണ്ടു.  വകുപ്പിന്റെ ജീവനി സജ്ജീവനി പദ്ധതിയുടെ ഭാഗമായി നടത്തിയ പൈനാപ്പിള്‍ ചലഞ്ചിലൂടെ 9 ടണ്‍ പൈനാപ്പിളാണ് ഹൈറേഞ്ചില്‍ വിറ്റഴിച്ചത്.
കട്ടപ്പന എഡിഎ ഓഫീസ് പരിധിയില്‍ കട്ടപ്പന നഗരസഭ, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ചക്കുപള്ളം, വണ്ടന്‍മേട്, ഉപ്പുതറ ഗ്രാമ പഞ്ചായത്തുകളിലായി ഏഴ് ഔട്ട്‌ലെറ്റുകളാണ് കൃഷി വകുപ്പ് ക്രമീകരിച്ചത്. വിഷു വിപണി മുന്‍നിര്‍ത്തി  കര്‍ഷകര്‍ ഉല്പാദിപ്പിച്ച പഴം, പച്ചക്കറികള്‍ ,നടീല്‍ വസ്തുക്കള്‍ എന്നിവയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ തന്നെ വില്പ്പന നടത്തി. ഏത്തക്കുല, പയര്‍, തക്കാളി, ചീര തുടങ്ങിയവയാണ് കര്‍ഷകര്‍ കൂടുതലായും വിപണനത്തിനെത്തിച്ചത്. പാകമായ കാര്‍ഷികോല്പ്പന്നങ്ങള്‍ നശിച്ചുപോകാതെ ന്യായവിലയ്ക്ക് കര്‍ഷകര്‍ക്ക് വില്ക്കുവാനും ആവശ്യക്കാര്‍ക്ക് വാങ്ങുവാനും ഇതിലൂടെ സാധിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായിട്ടാണ് പൈനാപ്പിള്‍ എത്തിച്ചതെങ്കിലും വിഷു വിപണിയില്‍ സാധനം വാങ്ങാനെത്തിയവരും പൈനാപ്പിള്‍ വാങ്ങിയതോടെ എത്തിച്ച പൈനാപ്പിള്‍ വളരെപ്പെട്ടെന്ന് വിറ്റു തീര്‍ന്നു. എ ഗ്രേഡ് പൈനാപ്പിള്‍ കിലോയ്ക്ക് 20 രൂപയ്ക്ക് ലഭിച്ചത് ഉപഭോക്താക്കളെയും സംതൃപ്തരാക്കി.
 
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ പഴയരിക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന മഹാത്മ സ്വയം സഹായ സംഘത്തിലെ  20 കര്‍ഷകര്‍ കഠിനാധ്വാനം ചെയ്ത്  ഉല്പാദിപ്പിച്ച് വിളവെടുത്ത  പൈനാപ്പിള്‍ ആണ് ഹൈറേഞ്ചിലെ പൈനാപ്പിള്‍ ചലഞ്ചിലെത്തിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചത്.

 

date