Skip to main content
തൊടുപുഴ - പാലാ റോഡിലെ തീയറ്ററിന് സമീപം നിരന്തരം അപകടത്തിന് കാരണമായി ടാറിങില്‍ അടിഞ്ഞ് കൂടിയ മണല്‍ നഗരസഭയിലെ  യുവജന ക്ഷേമ ബോര്‍ഡിന്റെ വോളന്റിയര്‍മാര്‍ നീക്കം ചെയ്യുന്നു

അപകടമൊഴിവാക്കാന്‍ റോഡിലെ ചരല്‍ നീക്കം ചെയ്ത് യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങള്‍

'റോഡല്ലേ.... ചരലല്ലേ... വീഴില്ലേ...' എന്നൊന്നും ചിന്തിച്ചും തര്‍ക്കിച്ചും സമയം കളയാന്‍ നിന്നില്ല. രാവിലെ തന്നെ കുട്ടയും തൂമ്പയും ചൂലുമായി റോഡിലേക്കിറങ്ങുകയായിരുന്നു സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ തൊടുപുഴ നഗരസഭയിലെ യൂത്ത് ഫോഴ്‌സ് അംഗങ്ങള്‍. ഇനിയാരുമിവിടെ അപകടത്തില്‍പ്പെടാതിരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാനുറച്ച്....

കഴിഞ്ഞ ഏതാനും ദിവസമായി തൊടുപുഴ - പാലാ റോഡിലെ തീയേറ്ററിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുക പതിവായി. രാത്രി സമയത്തുള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിരവധിയാളുകള്‍ പരിക്കേറ്റ് ചികിത്സ തേടുന്ന സാഹചര്യവുമുണ്ടായി. അപകട സ്ഥലത്ത് റോഡില്‍ പരന്ന് കിടക്കുന്ന ചരല്‍ക്കല്ലുകളാണ് വില്ലന്‍.

സമീപത്തെ കെട്ടിടം പണിക്കായി ഇറക്കിയിട്ടുള്ള മണല്‍ കഴിഞ്ഞ ദിവസങ്ങളിലെ  മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പണി നിര്‍ത്തി വയ്ക്കുക കൂടി ചെയ്തതോടെ റോഡില്‍ വീണ മണല്‍ ആരും നീക്കം ചെയ്തില്ല. ഇതോടെ ഇവിടം ടൂ വീലറില്‍ വരുന്നവര്‍ക്ക് മരണക്കെണിയായി മാറുകയായിരുന്നു.

നിരവധി പ്രാവശ്യം കെട്ടിടം ഉടമകളെ വിളിച്ച് അപകടാവസ്ഥ ധരിപ്പിച്ചു. എന്നാല്‍ മണല്‍ വാരി നീക്കാന്‍ നടപടി ഒന്നുമുണ്ടായില്ല. വരും ദിവസങ്ങളിലും മഴ പെയ്താല്‍ ഇനിയും മണല്‍ റോഡിലേക്ക് ഒഴുകുന്നതിനും കൂടുതല്‍ അപകടത്തിനും സാധ്യതയുമുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരും വിഷയത്തില്‍ ഇടപ്പെട്ടില്ല.

ഇതോടെയാണ് നഗരസഭയിലെ  യുവജന ക്ഷേമ ബോര്‍ഡിന്റെ വോളന്റിയര്‍മാര്‍ റോഡിലെ മണല്‍ നീക്കം ചെയ്ത് അപകട സാഹചര്യമൊഴിവാക്കാന്‍ രംഗത്തിറങ്ങിയത്. റോഡില്‍ വീണ മണല്‍ മുഴുവന്‍ നീക്കം ചെയ്ത ശേഷമാണ് വോളന്റിയര്‍മാര്‍ മടങ്ങിയത്.
പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത്  കോര്‍ഡിനേറ്റര്‍ ഷിജി ജയിംസ്, യൂത്ത്  വോളന്റിയര്‍മാരായ  ഫെനക്‌സ് പോള്‍,  ജിത്തു ഗണേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date