അടുക്കളത്തോട്ടം - ചലഞ്ച് 2020
കൊവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന് ജില്ലയിലെ ഒന്നരലക്ഷത്തിലധികം വരുന്ന കുടുംബശ്രീ കുടുംബങ്ങള്‍ക്ക് അടുക്കളത്തോട്ടം നട്ടുപരിപാലിക്കുന്നതിന് മല്‍സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളിലും അടുക്കളത്തോട്ടം തയ്യാറാക്കി പോഷക സമൃദ്ധവും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് കുടുംബങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും, മിച്ചമുള്ള പച്ചക്കറികള്‍ വിറ്റഴിച്ച് അധിക വരുമാനം നേടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറിയുല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്ന നമ്മുടെ സര്‍ക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും പച്ചക്കറികളുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളോടുള്ള ആശ്രിതത്വം കുറച്ച്, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ സ്വന്തമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. സി.ഡി.എസ്സ് തലത്തിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഓരോ സി.ഡി.എസ്സിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തു വരുന്ന കുടുംബങ്ങള്‍ക്ക് യഥാക്രമം 1001, 501, 251 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. അടുക്കളത്തോട്ടത്തിന് കുറഞ്ഞത് ഒരു സെന്റ് വിസ്തൃതി ഉണ്ടായിരിക്കണം. വിളവിനങ്ങളുടെ വൈവിദ്ധ്യത്തിനായിരിക്കണം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ കുടുംബങ്ങള്‍ ഏപ്രില്‍ 20 നകം കുടുംബശ്രീ സി.ഡി.എസ്സുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂലൈ 20 മുതല്‍ ആഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ അടുക്കളത്തോട്ടം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി വിജയികളെ കണ്ടെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.എസ്സ് ഓഫീസുകളുമായി ബന്ധപ്പെടുക.
- Log in to post comments