Skip to main content

സാമൂഹിക പ്രതിബദ്ധത തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍; ചോമ്പാല്‍ ഹാര്‍ബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

 

 

ചെറിയ രീതിയില്‍ മത്സ്യബന്ധനം നടത്താമെന്ന് സര്‍ക്കാര്‍  അറിയിച്ചിട്ടും  സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ഏപ്രില്‍ 20 വരെ ചോമ്പാല്‍ ഹാര്‍ബര്‍ പൂര്‍ണ്ണമായും അടച്ചിടാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. അഴിയൂരില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏപ്രില്‍ 20 വരെ ഹാര്‍ബര്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും അടച്ചിടാന്‍  ഹാര്‍ബറില്‍ ചേര്‍ന്ന പഞ്ചായത്ത്, പോലിസ്, റവന്യൂ, ഫിഷറീസ്, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, കടല്‍കോടതി എന്നിവരുടെ സംയുക്ത യോഗം തിരുമാനിച്ചു.

സംസ്ഥാനം ലോക്ക്ഡൗണായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 നു ചേര്‍ന്ന കടല്‍ കോടതി മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും ഹാര്‍ബര്‍ അടച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മല്‍സ്യബന്ധനത്തിന് ചെറിയ രീതിയില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം ഒന്ന് മുതല്‍ നാല്   വരെ ഹാര്‍ബര്‍ പ്രവര്‍ത്തിച്ചെങ്കിലും സര്‍ക്കാര്‍  നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതെ വലിയ ജനക്കൂട്ടം രൂപപ്പെട്ടത് കാരണം അഞ്ചാം തിയ്യതി യോഗം ചേര്‍ന്ന് 14  വരെ ഹാര്‍ബര്‍ പൂര്‍ണ്ണമായും അടച്ചിടുകയായിരുന്നു.

വീണ്ടും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍  ഹാര്‍ബര്‍ പ്രവര്‍ത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍  കോറോണ സ്ഥിരികരിച്ചത്. എടച്ചേരി, ന്യൂ മാഹി, മാഹി, എന്നീ കോറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ധാരാളം പേര്‍ സാമൂഹിക അകലം പാലിക്കാതെ ഹാര്‍ബറില്‍ എത്തിച്ചേരും എന്ന കാര്യം പരിഗണിച്ചാണ് ഡപ്യൂട്ടി കലക്ടര്‍ മുന്‍കൈ എടുത്ത് യോഗം വിളിച്ചത്. ഈ ഘട്ടത്തില്‍ മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കിയാല്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍  പാലിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പോലീസ് യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാര്‍, പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ്, ജില്ലാ പഞ്ചായത്ത് മെംബര്‍ എ.ടി.ശ്രീധരന്‍, വാര്‍ഡ് മെംബര്‍ കെ.ലീല, ഫീ ഷറീസ് അസി.ഡയറക്ടര്‍ ജുഗുല്‍.ആര്‍,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹാര്‍ബര്‍ അസി. എഞ്ചീനിയര്‍ അജിത്കുമാര്‍, പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുല്‍ സലാം, വില്ലേജ് ഓഫീസര്‍ ടി.പി. റെനിഷ് കുമാര്‍ കടല്‍കോടതി അംഗങ്ങള്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

date