Skip to main content

ജില്ലയിൽ ആതുരസേവനം ഇനി മുതൽ വിരൽത്തുമ്പിൽ

ജില്ലയിൽ ആതുരസേവനം ഇനി മുതൽ വിരൽത്തുമ്പിൽ ലഭിക്കും. ലോക് ഡൗൺ കാലഘട്ടത്തിൽ ജനങ്ങൾക്ക് സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ സേവനം നൽകാനായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലയിലെ സംരംഭമായ കെജിഎംഒഎ ഇനീഷ്യേറ്റിവ് ഫോർ ടെലി കൺസൽറ്റേഷൻ അഥവാ കൈറ്റാണ് ഇത്തരമൊരു സംരംഭത്തിന് ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കം ജില്ലാ കളക്ടർ എസ് ഷാനവാസും കെജിഎംഒഎ മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ. വി ഐ അസീനയും ചേർന്ന് കളക്ടറുടെ ചേംബറിൽ നിർവഹിച്ചു. 'അകലെയാണെങ്കിലും ഒറ്റയ്ക്ക് ആണെന്ന തോന്നൽ വേണ്ട, ഒരു നേർത്ത നൂലിനാൽ ഞങ്ങളുണ്ട് കൂടെ'എന്ന ആശംസ വാചകവുമായാണ് കൈറ്റ് ഈ സംവിധാനത്തിന് ജില്ലയിൽ തുടക്കം കുറിച്ചത്. കൈറ്റിലൂടെ ജില്ലയിലെ 390 സർക്കാർ ഡോക്ടർമാരുടെ സേവനമാണ് ഉറപ്പാക്കുന്നത്.
സർക്കാർ ഡോക്ടർമാരുടെ ആശുപത്രികളിലെ സേവനം കഴിഞ്ഞാൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറ് വരെയാണ് സേവനം ഓൺലൈനിൽ ലഭ്യമാകുക. ആവശ്യമുള്ളവർ www.kgmoathrissur.com എന്ന സൈറ്റിൽ ബുക്ക് ചെയ്ത് ഫോൺ നമ്പർ നൽകിയാൽ കൈറ്റ് പ്രതിനിധി തിരിച്ചു വിളിച്ച് വിവരങ്ങൾ തേടും. ആവശ്യം അറിയിച്ചാൽ അപ്പോൾ നൽകേണ്ട സേവനത്തിന് പുറമേ മറ്റ് സ്‌പെഷലിസ്റ്റ് സേവനം ആവശ്യമാണെങ്കിൽ അത് ഉറപ്പുവരുത്തുകയും ചെയ്യും. മരുന്നുകളുടെ ലിസ്റ്റും ഓൺലൈനായി തന്നെ ലഭിക്കും. ഓൺലൈനായി ലഭിക്കുന്ന പ്രിസ്‌ക്രിപ്ഷന് നിയമ സാധുതയും ഉറപ്പ് വരുത്തിട്ടുണ്ട്. എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഓൺലൈൻ സേവനവും പ്രവർത്തിക്കുക. കുറിപ്പ് മൊബൈലിൽ തന്നെ മെഡിക്കൽ ഷോപ്പുകളിൽ കാണിച്ച് മരുന്ന് ലഭിക്കാനുള്ള സൗകര്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. സൈക്യാട്രിക് മെഡിസിൻ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളുടെയും കുറിപ്പ് ഓൺലൈനിൽ ലഭ്യമാകും.
ലോക് ഡൌൺ കാലഘട്ടത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ സേവനം വളരെ സഹായകരമായി തീരും. മെഡിക്കൽ ഷോപ്പുകളിൽ നിന്നും യാതൊരു വിധ ബുദ്ധിമുട്ടും കൂടാതെ മരുന്നുകൾ ലഭിക്കാൻ മെഡിക്കൽ ഷോപ്പ് അസോസിയേഷൻ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡി എം ഒ ഡോ. റീന കെ ജെ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സതീഷ് നാരായണൻ, ഡി പി എം ഡോ. ടി വി സതീശൻ, കെ ജി എം ഒ എ സെക്രട്ടറി ഡോ. ബിനോജ്, ട്രഷറർ ഡോ. ദിവ്യ, ഡോ. വേണുഗോപാൽ, ഡോ. ജിൽഷോ, ഐ എം എ സെക്രട്ടറി ഡോ. പവൻ മധുസൂദനൻ, ഹുസൂർ ശിരസ്തദാർ പ്രാൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

date