Skip to main content

ജില്ലയിൽ കോവിഡ് വിസ്‌ക് പ്രവർത്തനസജ്ജം

ജില്ലയിൽ കോവിഡ് വിസ്‌ക് സജ്ജീകരിച്ചു. കോവിഡ് 19 ചികിത്സയുടെ ഭാഗമായാണ് വിസ്‌ക് ഒരുക്കിയത്. അയ്യന്തോൾ കളക്ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് വിസ്‌ക് പ്രവർത്തിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ഡോക്ടറും രോഗിയും തമ്മിൽ നേരിട്ട് സമ്പർക്കമില്ലാതെ കോവിഡ് ബാധ ഉണ്ടെന്ന് സംശയിക്കുന്ന രോഗിയുടെ സ്രവം ശേഖരിക്കുന്നതിനാണ് വിസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്.
സൗത്ത് കൊറിയയിൽ സ്ഥാപിച്ച് വിജയിച്ച വിസ്‌ക് കൊച്ചിയിലും പ്രവർത്തനമാരംഭിച്ചിരുന്നു. കോവിഡ് വിസ്‌ക് രൂപകൽപ്പന ചെയ്തത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകനും വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികളും ചേർന്നാണ്. ഏതാണ്ട് 30000 രൂപയാണ് വിസ്‌കിന് നിർമ്മാണ ചിലവ്.
ലോക് ഡൌൺ പിൻവലിച്ച ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്കുവേണ്ടി വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് വിസ്‌ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചതുരാകൃതിയിൽ രൂപകൽപ്പന ചെയ്ത കാബിനകത്ത് ഡോക്ടറും പുറത്ത് രോഗിയും ഇരിക്കുന്ന രീതിയിലാണ് വിസ്‌ക്കിന്റെ രൂപകൽപന.
ക്യാബിന് പുറത്തേക്ക് തുറന്നിരിക്കുന്ന രണ്ട് തുളകളിലൂടെ കൈകൾ ഡോക്ടർ പുറത്തേക്ക് നീട്ടി രോഗിയുടെ സ്രവം എടുക്കാവുന്ന രീതിയിലാണ് നിർമ്മാണം. ഊരി മാറ്റാവുന്ന രീതിയിലുള്ള ഡബിൾ ലേയേർഡ് ഗ്ലൗസുകളാണ് ഈ സമയത്ത് ഡോക്ടർ ധരിക്കുക. രോഗിയുടെ സ്രവം എടുത്ത ശേഷം ആദ്യം ഗ്ലൗസ് ഡോക്ടർക്ക് ഊരി മാറ്റും. ഇതിനു ശേഷം ഡോക്ടറുടെ കാലിന്റെ ഭാഗത്തു ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസിങ് യൂണിറ്റും ഘടിപ്പിച്ചിരിക്കുന്നു. രോഗി പോയതിനുശേഷം മിസ്‌ററ് രൂപത്തിലുള്ള അണുനാശിനി രോഗി ഇരുന്ന പരിസരം ശുചിയാക്കുന്നു.
വിസ്‌കിനകത്ത് ഫിൽറ്റെർഡ് എയർ സപ്ലൈക്ക് ആവശ്യമായ എക്സ്‌ഹോസ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. സ്രവം എടുത്ത് രോഗി സീറ്റിൽ നിന്ന് മാറിയതിനുശേഷം സാനിറ്റൈസിങ് യൂണിറ്റിലൂടെ ഡോക്ടർക്ക് കൈകൾ വൃത്തിയാക്കാനും സാധിക്കുന്നു.
തൃശൂർ ഗവൺമെൻറ് എൻജി. കോളേജ് കമ്പ്യൂട്ടർ സയൻസ് അസിസ്റ്റൻറ് പ്രൊഫസർ അജയ് ജയിംസിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ പ്രണവ് ബാലചന്ദ്രൻ, അശ്വിൻ കുമാർ, സൗരവ് വിഎസ് എന്നീ വിദ്യാർത്ഥികളാണ് ഈ വിസ്‌ക് രൂപകല്പന ചെയ്തത്. ഇതിനാനാവശ്യ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ വരെ ഈ വിദ്യാർത്ഥികളാണ് ചെയ്തത്. ഇതിന്റെ സേവനം മെഡിക്കൽ കോളേജിലാണ് ലഭ്യമാക്കുക. ഒരു വിസ്‌ക് കൂടെ തയ്യാറാക്കാനുള്ള ആലോചനയിലാണ് ഇവർ.
ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോക്ടർ റീന കെ ജെ, ഡെപ്യൂട്ടി ഡിഎംഒ സതീഷ് നാരായണൻ, ഡി പി എം ഡോക്ടർ സതീശൻ ടി വി, ഹുസൂർ ശിരസ്തദാർ പ്രാൺ സിംഗ്, എൻജിനീറിങ് കോളേജ് അധ്യാപകർ, മെഡിക്കൽ കോളേജ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായി.

date