Skip to main content

കോവിഡ് 19 ആയുര്‍ രക്ഷാ ക്ലിനിക്കുമായി ആയുര്‍വേദം

കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ ആയുര്‍ രക്ഷാ ക്ലിനിക്കുമായി ആയുര്‍വേദ വിഭാഗം രംഗത്ത്. ''കരുതലോടെ കേരളം, കരുത്തേകാന്‍ ആയുര്‍വേദം'' എന്ന സന്ദേശത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ക്ക്  തുടക്കമായത്. രോഗപ്രതിരോധം, രോഗശമനം, രോഗമുക്തിയ്ക്ക് ശേഷമുള്ള പരിരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പോലീസുകാര്‍, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകകര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍, 60 വയസിനുമുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗ പ്രതിരോധത്തിന് പ്രത്യേക പരിഗണന നല്‍കും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളായ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള  'സുഖായുഷ്യം', രോഗ പ്രതിരോധത്തിന് ശരിയായ ഭക്ഷണ ക്രമം, മാനസികാരോഗ്യം, യോഗ, എന്നിവയടങ്ങിയ 'സ്വാസ്ഥ്യം', രോഗമുക്തി നേടിയവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക തുടര്‍ ചികിത്സ ഉറപ്പാക്കുന്ന 'പുനര്‍ജനി', സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സ സമ്പ്രദായത്തെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനമായ 'നിരാമയ' എന്നിവ ഇതില്‍പ്പെടുന്നു. ഈ പദ്ധതികളുടെ അടിസ്ഥാന പ്രവര്‍ത്തന മേഖലയായാണ് ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും കേന്ദ്രീകരിച്ചുള്ള ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖാ വേണുഗോപാല്‍ ആശ്രാമത്തെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം അഡ്വ അനില്‍ എസ് കല്ലേലിഭാഗം, ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അസുന്താമേരി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  
(പി.ആര്‍.കെ. നമ്പര്‍. 1135/2020)
 

date