Skip to main content

ഓണ്‍ലൈന്‍ പഠനം ആഘോഷമാക്കി തണ്ണീര്‍മുക്കം പഞ്ചായത്ത് എല്‍. പി സ്‌കൂള്‍ 

  ആലപ്പുഴ: കേരളത്തിലെ വന്യജീവി സാങ്കേതങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും   സ്ഥിതി ചെയ്യുന്ന ജില്ലകള്‍ ഏതാണെന്ന്  കണ്ടെത്തി എഴുതാനുള്ള സൗമ്യ ടീച്ചറുടെ ചോദ്യത്തിന് മൂന്നാം ക്ലാസ്സുകാരി വൈഗ കുട്ടിയുടെ മറുപടി ഇപ്പൊ കൊറോണയല്ലേ ടീച്ചറെ, ടൂര്‍ പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു..  ടൂര്‍ പോകാനല്ല പഠിക്കേണ്ടേ?  വീട്ടിനകത്ത് കളിച്ചു നടന്നാല്‍ പോരല്ലോ എന്ന് ടീച്ചര്‍.. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തണ്ണീര്‍മുക്കം,  പഞ്ചായത്ത് എല്‍.പി സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസിലെ രസകരമായ സംഭവങ്ങളില്‍ ഒന്നു മാത്രമാണ്  ഇത്.. വീടിനുള്ളില്‍ കളിച്ചും ടീവി കണ്ടും സമയം ചിലവഴിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മുന്നിലേക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് ഒരുക്കി സ്‌കൂള്‍ അധികൃതര്‍ എത്തിയത്. പഠിക്കാമെന്നു കേട്ടപ്പോള്‍ കളിയും ചിരിയുമൊക്ക മാറ്റി നിര്‍ത്തി കുട്ടികള്‍ എല്ലാവരും അധ്യാപകര്‍ക്കൊപ്പം ആക്റ്റീവ് ആയി. 

ഡോറയും ടോം ആന്‍ഡ് ജെറിയുമൊക്ക കാണാനാണ് കൂടുതല്‍ താല്‍പ്പര്യമെങ്കിലും ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി കാത്തിരിക്കുകയാണ് തന്റെ രണ്ടു മക്കളെന്നു വാരണം സ്വദേശിയായ നിതീഷ് എന്ന രക്ഷകര്‍ത്താവ്  സാക്ഷ്യപെടുത്തുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ പുറത്തേക്കു പോകാന്‍ പറ്റുന്നില്ല, ടീവി കണ്ടു മടുത്തു എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നതിനിടെയാണ് നിതീഷിന്റെ മക്കളായ മൂന്നാം ക്ലാസ്സുകാരി വൈഗ, യു കെ ജിക്കാരി ഗംഗ എന്നിവര്‍ക്ക് മുന്നിലേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വരുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ വലിയ അനുഗ്രഹമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് എന്നും  നിതീഷ് പറയുന്നു. രാവിലെ 10 മണിക്കുള്ള ക്ലാസ്സിനായി ആകാംഷയോടെയാണ് മക്കള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

  
 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്‌കൂള്‍ വികസന സമിതി ചേരുകയും അധ്യാപകരുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ആരംഭിക്കുകയും ആയിരുന്നു. 

മാര്‍ച്ച് മാസത്തില്‍  പൂര്‍ത്തിയാക്കേണ്ട പാഠ്യ വിഷയങ്ങള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയിലായപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ ഓണ്‍ലൈന്‍ പഠനമെന്ന ആശയത്തിലേക്ക് തിരിഞ്ഞത്.  വേനല്‍ അവധി കൂടുതല്‍ കിട്ടിയതിനാല്‍ കുട്ടികള്‍ ടീവിയും മൊബൈല്‍ ഗെയിമും കൂടുതല്‍ ഉപയോഗിക്കാന്‍ ഇടവരും. അതില്‍ കൂടുതല്‍ വ്യാപൃതരാകാതിരിക്കുവാനും  അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതും ഓണ്‍ലൈന്‍ പഠനത്തിനു പിന്നിലുണ്ടെന്നും പ്രഥമ അധ്യാപകനായി വിരമിച്ച, വികസന സമിതി അംഗവും ഓണ്‍ലൈന്‍ പഠനത്തിന്റെ കോര്‍ഡിനേറ്ററുമായ  ഡി ബാബു  പറയുന്നു. 

 സ്‌കൂളിലെ എല്‍കെജി, യുകെജി, ഒന്ന്, രണ്ട് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ക്കായി 6 അധ്യാപകര്‍ അടങ്ങിയ വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സിനു വേണ്ടി രൂപീകരിച്ചു. അധ്യാപകരെ തന്നെ വാട്‌സ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആയി ചുമതലപ്പെടുത്തുകയും ചെയ്തു. 

 എല്ലാദിവസവും രാവിലെ 10 മണി മുതലാണ്  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ഓരോ ദിവസത്തെയും കുട്ടികളുടെ ഉത്തരങ്ങള്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം നടത്തി അടുത്ത ദിവസം രാവിലെ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കും.  എല്‍ കെ ജി, യു കെ ജി വിദ്യാര്‍ത്ഥികള്‍ക്ക് മൃഗങ്ങള്‍, പൂക്കള്‍ എന്നിവയുടെ ചിത്രങ്ങള്‍ നല്‍കി അവയുടെ പേരുകള്‍ നല്‍കാനാണു നിര്‍ദ്ദേശിക്കാറുള്ളത്. രക്ഷിതാക്കളും വീടുകളില്‍ ഉള്ളതിനാല്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ സാധിക്കുന്നു എന്നുള്ളതാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ വലിയ നേട്ടമായി അധ്യാപകരും വികസന സമിതി അംഗങ്ങളും കാണുന്നത്. ഓണ്‍ലൈന്‍ പഠനത്തെ  കുട്ടികള്‍ വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്നും മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും ലഭിക്കുന്നതെന്നും  വികസന സമിതി അംഗവും ഓണ്‍ലൈന്‍ പഠനത്തിന്റെ കോര്‍ഡിനേറ്ററുമായ ഡി. ബാബു  പറഞ്ഞു.   

പഠനം് കുട്ടികള്‍ക്ക് ആസ്വാദ്യകരമാവാന്‍് ഇടയ്ക്ക് പാട്ടും കഥ പറച്ചിലുമൊക്കെ ഉണ്ട്. രാവിലെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സിനു ശേഷം വൈകിട്ട് 3.30 ക്ക് അതാതു ദിവസത്തെ ക്ലാസ്സുകളെ കുറിച്ചുള്ള അവലോകനവും നടക്കും. വികസന സമിതി അംഗങ്ങള്‍,  അധ്യാപകര്‍ എന്നിവരെ കൂടാതെ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരും അവലോകന യോഗത്തില്‍ പങ്കെടുക്കും. 

ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി പുതുതായി എന്തൊക്കെ ഉള്‍പ്പെടുത്തണം, പഠനം കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തെല്ലാം ചെയ്യാം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആശയങ്ങളുമാണ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് . 

ഓണ്‍ലൈന്‍ പഠനത്തില്‍ ധനമന്ത്രി ഡോ. ടി.എം തോമസ്‌ഐസക്കും പങ്കാളിയായിരുന്നു. പഞ്ചായത്തിന്റെ സമൂഹ അടുക്കളയുടെ പരിശോധനക്കായി തണ്ണീര്‍മുക്കത്ത് എത്തിയ മന്ത്രി ഓണ്‍ലൈനില്‍ കുട്ടികളുമായി  സംവദിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് പുറമെ കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഈ അവധിക്കാലം പ്രയോജനപ്പെടുത്താന്‍ പുസ്തകങ്ങള്‍ കുട്ടികളുടെ വീടുകള്‍ എത്തിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ അധ്യാപകര്‍ വഴി കുട്ടികളുടെ വീടുകളില്‍ എത്തിക്കുകയും പുസ്തകങ്ങള്‍ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

16 ദിവസം പിന്നിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന്  അക്കാദമിക പിന്തുണയുമായി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ വിശ്വംഭരന്‍ ഡി.പി.ഒ എം.ഷുക്കൂര്‍ എ.ഇ.ഒ  കെ.ഷൈലജ ബി.പി.ഒ ഷാജി മഞ്ജരി എന്നിവരും ഉണ്ട്.  പദ്ധതിയുടെ കോര്‍ഡിനേറ്ററായ ഡി.ബാബു, പി.റ്റി.എ പ്രസിഡന്റ് എസ്.നിധീഷ്, അധ്യാപകര്‍ എന്നിവര്‍ അടങ്ങിയതാണ് വികസന സമിതി.

date