Skip to main content

കോവിഡ് 19 :നിരീക്ഷണത്തിലുള്ളവര്‍ക്ക് വായനയുടെ ലോകം തുറന്ന് കൊടുത്ത് ജില്ലാ പഞ്ചായത്ത് 

ആലപ്പുഴ :ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കിടക്കുന്നവര്‍ക്കും ഡ്യൂട്ടി ചെയ്ത ശേഷം നിരീക്ഷണത്തില്‍ ഇരിക്കുന്ന നേഴ്‌സ്മാര്‍ക്കുമായി ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സമ്മാനമായി പുസ്തകങ്ങള്‍. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് 50ഓളം പുസ്തകങ്ങളും പ്രസിദ്ധീകരങ്ങളും  ജില്ലാ പഞ്ചായത്ത് വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി മാത്യു വണ്ടാനം മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് സൂപ്രണ്ട് ജി രേവമ്മയ്ക്ക് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.  മറ്റുള്ളവരുമായി ഇടപെടാന്‍ സാധിക്കാതെ ഒറ്റപ്പെട്ടു ഇരിക്കുന്ന ആളുകള്‍ക്ക്  വായനയുടെ ലോകം തുറന്ന് കൊടുക്കാന്‍ സാധിക്കുന്നത് ഇന്നത്തെ  സാഹചര്യത്തില്‍ വളരെ അര്‍ഥവത്തായ കാര്യമാണെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി മാത്യു പറഞ്ഞു. (ചിത്രമുണ്ട്)

ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഇന്ന് ഭക്ഷണം നല്കിയത് 14183 പേര്‍ക്ക്

ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 10801 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.ഷഫീഖ് അറിയിച്ചു. ഇതില്‍ 311 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 8627 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3382 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2348 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 112 അതിഥി തൊഴിലാളികളും ഉള്‍പ്പെടും.

date