Skip to main content

ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്റററാക്കല്‍: മോക്ക് ഡ്രില്‍ ഇന്ന് (എപ്രില്‍ 17) 

ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം അഞ്ജന ഫിനിഷിംഗ് പോയിന്റ് സന്ദര്‍ശിച്ചു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ആവശ്യമാണെങ്കില്‍, ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആയി മാറ്റാനാണ് ജില്ലാഭരണകൂടം ആലോചിക്കുന്നത്.  അത്യാവശ്യഘട്ടത്തില്‍ ഇത്തരം മാറ്റങ്ങള്‍ക്കു  വേണ്ട സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  ആരോഗ്യവകുപ്പിന്റെ  കണ്‍ട്രോള്‍ റൂമിനും ആരോഗ്യവകുപ്പ് ഒരുക്കുന്ന സംവിധാനങ്ങള്‍ക്കും പുറമേ,  ഭക്ഷണ വിതരണത്തിനും്, കുടിവെള്ള വിതരണത്തിനുള്ള സംവിധാനം, മറ്റ് അവശ്യ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കുന്നതിനുള്ള നടപടികള്‍ എടുക്കും.  ഹൗസ്‌ബോട്ടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളായി സജ്ജീകരിക്കുമ്പോള്‍ വരാവുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനായി ഇന്ന് (ഏപ്രില്‍ 17) രാവിലെ 11 ന് ഫിനിഷിംഗ് പോയിന്റില്‍ മോക്ഡ്രില്‍ നടത്താനും തീരുമാനമായി. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എല്‍ അനിതകുമാരി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍, ഡിടിപിസി, ഫയര്‍ഫോഴ്‌സ് വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.

 

ശാരീരിക അകലം, സാമൂഹിക ഒരുമ -- കൃത്യമായി പാലിച്ച് ചേര്‍ത്തല ആശുപത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശാരീരിക അകലം, സാമൂഹിക ഒരുമ എന്ന മുദ്രാവാക്യം കൃത്യമായി പാലിച്ച് ചേര്‍ത്തല താലൂക്ക് ആശുപത്രി. അഞ്ഞൂറിലധികം ആളുകള്‍ ദിവസേന ആശുപത്രിയിലെത്തുന്നുണ്ടെന്നും ഇൗ തിരക്ക് നിയന്ത്രിക്കാന്‍ സഹായമാവശ്യമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അനില്‍കുമാര്‍ കളക്ടറേറ്റില്‍ അറിയിച്ചു. ദ്രുതഗതിയിലായിരുന്നു ആര്‍ഡിഒ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രവര്‍ത്തനം. ഉടന്‍ ആശുപത്രിയിലെത്തിയ ആര്‍ഡിഒ സന്തോഷ്‌കുമാര്‍, ചേര്‍ത്തല തഹസില്‍ദാര്‍  ആര്‍ ഉഷ, ആശുപത്രി സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആശുപത്രി അധികൃതര്‍ തുടര്‍ച്ചയായി ഓര്‍മിപ്പിച്ചിട്ടും, പലപ്പോഴും ക്യൂവില്‍ നില്ക്കുന്നവര്‍ ഒന്നിച്ചു കൂടുകയും തിരക്കനുഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. 

യോഗത്തിനു ശേഷം കൃത്യമായ രീതിയില്‍ ശാരീരിക അകലം പാലിക്കാനുള്ള നടപടികള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടു. ഒപി ടിക്കറ്റെടുക്കുന്ന കൗണ്ടര്‍, വിവിധ ഡോക്ടര്‍മാരുടെ ഒപി, കാഷ്വലിറ്റി, ഫാര്‍മസി, തുടങ്ങി ആളുകള്‍ വരാനിടയുള്ളിടത്തെല്ലാം ഒരുമീറ്റര്‍ അകലത്തില്‍ വൃത്തം വരയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. ആശുപത്രി പരിസരത്ത് മാത്രമല്ല ഗേറ്റിനടുത്തും ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. ഗേറ്റിനടുത്തും തുടര്‍ന്ന് പുറത്ത് റോഡരുകിലും വൃത്തം വരച്ച് ആളുകളുടെ ക്യൂ നിയന്ത്രിക്കാനുള്ള  നടപടികളെടുത്തു. വരച്ചിട്ട വൃത്തങ്ങള്‍ കണ്ടതോടെ ആശുപത്രിയിലെത്തിയ രോഗികള്‍ ശാരീരിക അകലം പാലിച്ചു കൊണ്ടുതന്നെ അതത് ഡോക്ടര്‍മാരെ കണ്ടു മടങ്ങി.  (ചിത്രമുണ്ട്)

--

date