Skip to main content

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന. നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍  വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമെ  പൊതുജനങ്ങള്‍ യാത്ര ചെയ്യാവൂ. ജില്ലയ്ക്കുപുറത്തും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നവരും അടിയന്തിര സാഹചര്യങ്ങള്‍ വിശദമാക്കി യാത്രാപാസ് എടുക്കണം. അടിയന്തിര സാഹചര്യങ്ങളിലെ യാത്രയ്ക്ക്  ഗര്‍ഭിണികളായ സ്ത്രീകള്‍, അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ട് സഞ്ചരിക്കേണ്ടവര്‍, ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവര്‍, അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക്  മാത്രമാണ് പാസ് അനുവദിക്കുന്നത്.  യാത്രാനുമതിക്കായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  മാര്‍ഗനിര്‍ദേശപ്രകാരമുള്ള രേഖകള്‍ അടക്കം  അപേക്ഷ സമര്‍പ്പിക്കുന്നതിനായി  covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലെ പബ്ളിക് സര്‍വീസസ് എന്ന ഓപ്ഷനിലെ  എമര്‍ജന്‍സി ട്രാവല്‍ പാസ് എന്ന ലിങ്ക് മുഖാന്തിരം അപേക്ഷ നല്കാം.

 

ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്കെത്തുന്നവര്‍ക്കും കേരളത്തിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനാനുമതി നല്‍കും

ലോക്ക്ഡൗണ്‍ കാലത്ത് അന്തര്‍സംസ്ഥാന യാത്ര നടത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി ഉത്തരവായി. 
ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക.
ജില്ലാ കളക്ടര്‍ക്കാണ് അനുമതി നല്‍കാനുള്ള അധികാരം.
ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കളക്ടര്‍ക്ക് ലഭ്യമാക്കണം. അര്‍ഹരെങ്കില്‍ കളക്ടര്‍ യാത്രാ തീയതിയും സമയം രേഖപ്പെടുത്തി പാസ് അനുവദിക്കും.
ഈ പാസും താമസിക്കുന്ന ജില്ലയിലെ കളക്ടറുടെ ക്ലിയറന്‍സും സഹിതം എത്തിയാല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സംസ്ഥാനത്തിലേക്ക് പ്രവേശനം അനുവദിക്കും.
അതിര്‍ത്തിയിലെ പരിശോധനയ്ക്ക് അനുസരിച്ച് നിര്‍ദേശിക്കുന്ന ക്വാറന്‍ൈററിന് ഇവര്‍ വിധേയമാകണം.
ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കളക്ടര്‍ക്ക് അപേക്ഷിക്കണം. ത്വരിത പരിശോധന നടത്തി കളക്ടര്‍ക്ക് അനുമതി നല്‍കാം. ഈ അനുമതിയോടെ വ്യക്തി താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് യാത്രാ പാസ് വാങ്ങണം. ഈ രണ്ടുരേഖകളും പരിശോധിച്ചായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനാനുമതി നല്‍കുക. രോഗി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാകും വാഹനത്തില്‍ അനുമതി ഉണ്ടാകുക. 
ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വാഹനപാസ് നേടിയിരിക്കണം.
കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പോലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.  
എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി കളക്ടറെ കളക്ടര്‍മാര്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു

date