Skip to main content

ലോക് ഡൗണ്‍ തീരും വരെ അതിഥി തൊഴിലാളികള്‍ക്ക്   സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കും

.....

ലോക് ഡൗണ്‍ തീരുന്നതുവരെ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലുടമകളുടെയും കെട്ടിട ഉടമകളുടെയും യോഗത്തില്‍ ധാരണയായി. 

തൊഴിലുടമകള്‍ ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറവുകളുണ്ടായാല്‍ പരിഹരിക്കാന്‍ കെട്ടിട ഉടമകള്‍ തയ്യാറാകണം. ഭക്ഷണത്തിന് ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തണം- ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.

 തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. തത്കാലത്തേക്ക് താമസസ്ഥലത്തിന്‍റെ വാടക ആവശ്യപ്പെടാനോ താമസം ഒഴിയാന്‍ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ല. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച് തൊഴിലാളികള്‍തന്നെ ഒപ്പമുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെതിരെ കെട്ടിട ഉടമകള്‍ ജാഗ്രത പുലര്‍ത്തണം. ക്യാമ്പുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്.  ജലദൗര്‍ലഭ്യത്തെക്കുറിച്ചും വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കേണ്ടതിനെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കണം-കളക്ടര്‍ പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നെന്നും അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചതായും മറ്റും വ്യാജ സന്ദേശങ്ങള്‍ തൊഴിലാളികള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് തൊഴിലുടമകള്‍ പറഞ്ഞു. സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയ സ്ഥലങ്ങളിലെല്ലാം ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. 

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്,  എ.ഡി.എം അനില്‍ ഉമ്മന്‍, കോട്ടയം ആര്‍.ഡി.ഒ ജോളി ജോസഫ് , പാലാ ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍, പായിപ്പാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് സ്വപ്ന ബിനു, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date