Skip to main content

കൊറോണ സാമൂഹ്യ വ്യാപനമുണ്ടായാല്‍ നേരിടുന്നതിന് ജില്ലയില്‍ വിപുല സന്നാഹം

 

കോവിഡ്-19ന്‍റെ സമൂഹ്യ വ്യാപനം ഉണ്ടാകുന്ന പക്ഷം നേരിടുന്നതിന് കോട്ടയം ജില്ലയില്‍ വിപുല സന്നാഹങ്ങള്‍ ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. 

ജില്ലയിൽ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ വിജയകരമായിരുന്നു.  രോഗം ബാധിച്ച മൂന്നു പേരിൽ നിന്നും മറ്റൊരാൾക്കു പോലും പകരാതെ തടയാൻ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞു. എങ്കിലും സമൂഹ വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്- കളക്ടർ പറഞ്ഞു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ജില്ലാ ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രഖ്യാപിക്കുകയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ഈ ആശുപത്രികളില്‍ നിലവിലുള്ള മറ്റു ചികിത്സകള്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് കോവിഡ് ചികിത്സയ്ക്ക് സൗകര്യമൊരുക്കുക. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 300 കിടക്കകള്‍, 66 മുറികള്‍, നാലു കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗം എന്നിവയാണ് തയ്യാറാകുന്നത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ 110 കിടക്കകള്‍, 10 മുറികള്‍, മൂന്നു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം എന്നീ സൗകര്യങ്ങളുണ്ടാകും. രോഗം സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെയാണ് കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുക.

സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവാണെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ചികിത്സിക്കുന്നതിനായി കോവിഡ് പരിചരണ കേന്ദ്രങ്ങളൊരുക്കും. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറല്‍ ആശുപത്രികള്‍, വൈക്കം താലൂക്ക് ആശുപത്രി, ഉഴവൂര്‍, രാമപുരം സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയും സ്വകാര്യ മേഖലയിലെ ഈരാറ്റുപേട്ട റിംസ്, കങ്ങഴ എം.ജി.ഡി.എം 
ആശുപത്രികളുമാണ് അവശ്യ ഘട്ടത്തില്‍ കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്. 

ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളും നിര്‍ണയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റിസോട്ടുകള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍റെയും നിര്‍ദേശപ്രകാരം നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിന് പരിഗണിക്കുന്നത്. രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക. ആദ്യ ഘട്ടമായി 500 പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കുക. 

പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ പി.പി.ഇ കിറ്റുകള്‍, മാസ്കുകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. പുറത്തുനിന്ന് എത്തുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും കണ്ടെത്തുന്നതിനും ക്വാറന്‍റയിന്‍ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക സ്ക്വാഡുകള്‍ രൂപീകരിക്കും.
കൊറോണ പ്രതിരോധവും ലോക് ഡൗണുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date