Skip to main content
തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറേ...

തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറേ...

തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറെ.. സുരാജ് വെഞ്ഞാറമൂട് ഒരു ചിത്രത്തില്‍ ദയനീയമായി പറയുന്ന ഈ വാചകത്തോടെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി ഡോക്ടര്‍ അഞ്ജു അരൂഷ്, കഴിഞ്ഞ ഏപ്രില്‍ മൂന്നിലെ തന്റെ പതിവ് അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നത്. ഡോക്ടറും ഈ ഡയലോഗും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ? കോവിഡ് ഡ്യൂട്ടിക്കിടയില്‍ തനിക്കുണ്ടായ ഒരു അനുഭവം ഡോക്ടര്‍ തന്റെ നോട്ടിലേക്ക് പകര്‍ത്തിയത് ഇങ്ങനെ.. പിപിഇ കിറ്റും ധരിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറോട് തമാശ രൂപത്തില്‍ ഒരാള്‍ ചോദിച്ചു; നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊക്കെ എന്താ... കണ്ണടയും മാസ്‌കും വെള്ളക്കുപ്പായവുമൊക്കെ ധരിച്ച് ഫുള്‍ സുരക്ഷയിലല്ലേ രോഗികള്‍ക്കടുത്തേക്ക് വരുന്നെ..? ഇതു കേട്ടപ്പോഴാണ് സുരാജിന്റെ ഡയലോഗ് ഡോക്ടറുടെ മനസ്സിലേക്ക് ഓടിയെത്തിയത്. 
കാരണം ഈ അഭിപ്രായപ്രകടനം അത്രമേല്‍ ആഴത്തില്‍ ഡോക്ടറെ വേദനിപ്പിച്ചിരുന്നു. പുറമെ നിന്ന് കാണുന്ന വെള്ള സുരക്ഷാ വസ്ത്രത്തിനുള്ളില്‍ ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അത്രമേല്‍ കഠിനമാണ്. അര മണിക്കൂറോളം സമയമെടുത്താണ് പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്) കിറ്റിനുള്ളിലേക്ക് ഒരോ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങുന്നത്. ഈ ഉടുപ്പിന് അകത്ത് ഇറങ്ങി കുറച്ചു കഴിയുമ്പോള്‍ ഒരു അടച്ച മുറിക്കുള്ളില്‍ കുടുങ്ങിയതു പോലെ തോന്നും. പിന്നെ ചെറുതായി ചൂട് അറിയാന്‍ തുടങ്ങും. പിന്നെ വിയര്‍ക്കും. ധരിച്ച ഡ്രസ്സ് ഒക്കെ ദേഹത്ത് ഒട്ടിപ്പിടിക്കാന്‍ തുടങ്ങും. വിയര്‍പ്പ് കണങ്ങള്‍ മുഖത്തും നെറ്റിയിലും ഉരുണ്ടു കൂടി കണ്ണിന് മുകളിലൂടെ ഒഴുകാന്‍ തുടങ്ങും. മാസ്‌ക് വെച്ചിരിക്കുന്ന മൂക്കിനും വായക്കുചുറ്റിലും വിയര്‍ക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. വിയര്‍പ്പ് കാലിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ചൊറിയാന്‍ തുടങ്ങും. ഇതൊക്കെ പറിച്ചു കളയാന്‍ തോന്നും. തൊണ്ട വരളും. പക്ഷെ ഇത് അഴിക്കുന്നതു വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാനാവില്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും കിറ്റില്‍ നിന്ന് പുറത്തുകടക്കണം. ഇങ്ങനെ നാലോ അഞ്ചോ മണിക്കൂര്‍ നേരം വീര്‍പ്പുമുട്ടിയാണ് ഈ ചൂടന്‍ സുരക്ഷാ വസ്ത്രത്തില്‍ കഴിച്ചുകൂട്ടുന്നതെന്നും ഡോക്ടര്‍ കുറിക്കുന്നു... ഇത് അഞ്ജു ഡോക്ടറുടെ മാത്രം കഥയല്ല. കോവിഡുമായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അനുഭവിക്കുന്ന കാര്യങ്ങളാണിത്. 
തങ്ങള്‍ക്കു മുന്നിലെത്തുന്ന ഒരോ ജീവനും രക്ഷിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലപ്പുറം ബുദ്ധിമുട്ടുകളെ അവര്‍ തരണം ചെയ്യുന്നത്. 

date