Skip to main content
ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ജില്ലാ പഞ്ചായത്ത്   ഒരുക്കിയ കോള്‍ സെന്ററിലെത്തിയ  ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് ഫോണ്‍ കോളുകള്‍ക്ക് സാധനങ്ങളുടെ കുറിപ്പ് തയ്യാറാക്കുന്നു.

തിരക്കൊഴിയാതെ വിഷുദിനവും; കോള്‍ സെന്ററില്‍ വളണ്ടിയറായി കലക്ടര്‍

ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് വിഷു ദിനം സന്നദ്ധസേവനത്തിന്റേതായിരുന്നു. ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തിന് വിഷുവും തിരിക്കൊഴിയാത്ത ദിനം തന്നെയായിരുന്നു. ഇതിനിടയിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ വളണ്ടിയറായി എത്തിയത്. ഏറെനേരം അവിടെ ചെലവിട്ട അദ്ദേഹം വിവിധ ആവശ്യങ്ങളുമായി വിളിച്ചവരുടെ കോളുകള്‍ സ്വീകരിച്ചു. ഏറെപ്പേരും വിളിച്ചത് മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായിരുന്നു. ഓരോരുത്തര്‍ക്കും വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുത്ത് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. എല്ലാവര്‍ക്കും വിഷു ആശംസ നേരാനും അദ്ദേഹം മറന്നില്ല. കോള്‍ എടുത്തത് കലക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ചെറിയ അമ്പരപ്പ്. ചിലരാകട്ടെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും ഈ അവസരം ഉപയോഗിച്ചു.
കോള്‍സെന്ററിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതില്‍ കലക്ടര്‍ സംതൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ കോള്‍ സെന്റര്‍ പ്രവര്‍ത്തനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ലോക്ക് ഡൗണുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 
ഇരുപതോളം പ്രവര്‍ത്തകര്‍ അവധിയില്ലാതെ ഈസ്റ്റര്‍, വിഷു ദിവസങ്ങളിലും കോള്‍സെന്ററില്‍ സജീവമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ഫുട്‌ബോള്‍ താരം  സി കെ വിനീത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, എന്‍ വൈ കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഭയ് ശങ്കര്‍ എന്നിവരും വിഷുദിനത്തില്‍ കോള്‍സെന്ററില്‍ എത്തിയിരുന്നു. മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ജില്ലാ കോള്‍സെന്ററില്‍ ഇതുവരെ 5000 ത്തോളം പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി വിളിച്ചത്.

date