Skip to main content
വിശ്വല്‍ ആര്‍ട്ടിസ്റ്റ് ധനരാജ് കീഴറ ഉപയോഗ ശൂന്യമായ കുപ്പികളില്‍ തയ്യാറാക്കിയ ചിത്രകൂട്ട് ജില്ലാ പഞ്ചായത്ത് കോള്‍സെന്ററിലെ വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നതിനുവേണ്ടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന് കൈമാറുന്നു.

കോള്‍ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനവുമായി ചിത്രകാരന്‍ ധനരാജ് കീഴറ

കൊറോണ കാലത്തും ജില്ലാ പഞ്ചായത്തിലെ  കോള്‍സെന്ററില്‍ കര്‍മ്മനിരതരായിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കുപ്പിയില്‍ വരച്ച ചിത്രങ്ങള്‍ സമ്മാനമായി നല്‍കി പ്രശസ്ത ചിത്രകാരന്‍ ധനരാജ് കീഴറ. ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററിലെ വളണ്ടിയര്‍മാര്‍ക്കും മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുമായി 25 ബോട്ടില്‍ ആര്‍ട്ടുകളാണ് ധനരാജ് സമ്മാനിച്ചത്.  
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിലെ ജോലിസ്ഥലത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയതാണ് ധനരാജ്.   വീട്ടിലിരിക്കുന്ന ദിവസങ്ങള്‍ എങ്ങനെ സര്‍ഗാത്മകമാക്കാം എന്ന ചിന്തയില്‍ നിന്നാണ് കുപ്പിയില്‍ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്. വീട്ടിലിരിക്കുന്ന സമയം കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വിനിയോഗിക്കുകയാണെങ്കില്‍ ലോക് ഡൗണ്‍ കാലം ആനന്ദകരമാക്കാമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നും ധനരാജ് പറയുന്നു. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പാഴ്ക്കുപ്പികള്‍ പെറുക്കി കഴുകിയുണക്കി ബാക്ക് ഗ്രൗണ്ടില്‍ വെള്ള പെയിന്റടിച്ച് നല്‍കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തമുണ്ട്. 14 ദിവസങ്ങള്‍ കൊണ്ട് 150 ലേറെ ചിത്രങ്ങളാണ് ധനരാജ് കുപ്പിയില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പൂര്‍ത്തീകരിക്കുന്ന ചിത്രങ്ങള്‍  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സമ്മാനമായി നല്‍കാനാണ് ധനരാജിന്റെ തീരുമാനം.
ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി  ചന്ദ്രന്‍, സംസ്ഥാന സ്്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്  ഒ കെ വിനീഷ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ഫുട്‌ബോള്‍ താരം സി കെ വിനീത് എന്നിവര്‍ പങ്കെടുത്തു.  

date