Skip to main content

*കോവിഡ് 19: ജില്ലയില്‍ 13128 പേര്‍ നിരീക്ഷണത്തില്‍*

 

 

ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന 6 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെങ്കിലും
ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. ജില്ലയില്‍  നിലവില്‍ 2 കോവിഡ് രോഗബാധിതരാണ് ചികിത്സയിലുളളത്.

നിലവില്‍ 13088 പേര്‍ വീടുകളിലും 33 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക്  ആശുപത്രിയിലുമായി ആകെ 13128 പേരാണ് നിരീക്ഷണത്തിലുള്ളത്.  ആശുപത്രിയില്‍ ഉള്ള ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 1040 സാമ്പിളുകളില്‍ ഫലം വന്ന  976 എണ്ണം നെഗറ്റീവും 8 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഇന്നും ( ഏപ്രില്‍ 15) രോഗമുക്തരായി  ആശുപത്രി വിട്ടിരുന്നു.

ആകെ 27070 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13942 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

3066 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി- യിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി സംസ്ഥാനമൊട്ടാകെ അടച്ചിടല്‍' (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്ക് ഇറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കേണ്ടതും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു തരത്തിലും  ഇടപെടാതിരിക്കേണ്ടതുമാണ്.

മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും തുടരേണ്ടതാണ്. ഐസൊലേഷനില്‍ ഉള്ളവര്‍ 60 വയസ്സിനു മുകളിലുള്ളവര്‍, രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഇടപഴകരുത്.

*വയോജനങ്ങളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

1) കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ നല്‍കുക.
2) പനിയുള്ളവരുമായോ പുറത്തുനിന്ന് വന്നവരുമായോ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
3) പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ പോഷകാഹാരം നല്‍കണം.
4) ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

*മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

1)എന്‍-95, 3 ലെയറുകള്‍ തുടങ്ങിയവ ആശുപത്രികളില്‍ ഉപയോഗിക്കേണ്ട മാസ്‌കുകള്‍ ആണ്.

2)പൊതുജനങ്ങള്‍ക്ക് സാധാരണ ഉപയോഗത്തിന് രണ്ടു പാളികള്‍ ഉള്ള കോട്ടണ്‍ മാസ്‌ക്കുകളാണ് നല്ലത്. വീടിന് പുറത്തോ പൊതുസ്ഥലങ്ങളിലോ പോകുമ്പോള്‍ ഇത് ഉപയോഗിക്കണം.

3) ഉപയോഗിച്ചശേഷം മാസ്‌ക് വലിച്ചെറിയാതെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി നന്നായി ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം. ഒരാള്‍ കുറഞ്ഞത് രണ്ടു മാസ്‌കുകള്‍ കരുതുന്നതാണ് നല്ലത്. ഒരാള്‍ ഉപയോഗിച്ചത് മറ്റൊരാള്‍ ഉപയോഗിക്കരുത്.

4) വൃത്തിയുള്ള കോട്ടണ്‍ തുണി കൊണ്ട് മൂക്കും വായും മൂടുന്ന രീതിയിലാണ് മാസ്‌ക് നിര്‍മ്മിക്കേണ്ടത്. മാസ്‌ക് ധരിച്ച ശേഷം അതിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കരുത്.

5) കോവിഡ് -19 പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയവയാണ്, മാസ്‌ക് ഉപയോഗിക്കുന്നതോടൊപ്പം ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക കൂടി ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായി പ്രയോജനം ലഭിക്കുക.

*സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം  കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ  മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

24*7 കാള്‍ സെന്റര്‍ നമ്പര്‍:  0491 2505264, 2505189, 2505847

date