Skip to main content

പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചതായി എം.എല്‍.എ 

 

ജില്ലയില്‍ കഞ്ചിക്കോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പട്ടാമ്പിയില്‍ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അറിയിച്ചു. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

പട്ടാമ്പി നഗരസഭാ പ്രദേശത്തും മുതുതല പഞ്ചായത്തിലുമായി ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികള്‍ നിലവില്‍ താമസിക്കുന്നുണ്ട്. ഇവിടെ തന്നെ തങ്ങാനുള്ള സൗകര്യം ഒരുക്കാനാണ് തൊഴിലാളികളും ആവശ്യപ്പെട്ടത്. വാടക പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍, സിവില്‍ സപ്ലൈ വകുപ്പുകള്‍ വഴി ഭക്ഷണവും  ഒരുക്കിയിട്ടുണ്ട്. ഉടനെ സ്വന്തമായി പാകം ചെയ്ത് കഴിക്കാന്‍ ആവശ്യമായിട്ടുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യും.

പട്ടാമ്പി താലൂക്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷണം, അസുഖങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ നടപടി സ്വീകരിക്കുന്നതാണ്.
ഒറ്റപ്പാലം സബ് കലക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രധാനപ്പെട്ട ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

date