Skip to main content

പാല്‍ ഉത്പാദനവും വിതരണവും അവശ്യസേവനം; ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

 

പാല്‍ ഉത്പാദനവും വിതരണവും അവശ്യസേവനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതിനാല്‍ കോവിഡ്-19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ജില്ലയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ക്ഷീര മേഖലയില്‍ ജില്ലയില്‍ മാത്രമായി ദിവസേന 26000 ല്‍പ്പരം ക്ഷീര കര്‍ഷകരാണ് സംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. കൂടാതെ 50000 ത്തോളം ഉപഭോക്താക്കള്‍ സംഘങ്ങളില്‍ നിന്നും പാല്‍ വാങ്ങുന്നതിനായി നേരിട്ട് എത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ട് കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

*65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും ക്ഷീരസംഘങ്ങളില്‍ വന്ന് പാല്‍ വാങ്ങുവാനോ ഇവര്‍ക്ക് പാല്‍ നല്‍കുവാനോ പാടില്ല.
*ചുമ, ജലദോഷം, പനി ഉള്ളവര്‍ ക്ഷീരസംഘങ്ങളും വകുപ്പിന്റെ ഓഫീസുകളും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.
*സംഘത്തില്‍ പാല്‍ സംഭരണ സമയത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ നില്‍ക്കരുത്. കൂടാതെ, ഇവര്‍ ഒരു മീറ്റര്‍ അകലം പാലിക്കേണ്ടതുമാണ്.
*ക്ഷീരസംഘങ്ങളില്‍ പാല്‍ സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരില്‍ മൂന്നില്‍ രണ്ടുപേര്‍ വീതം റൊട്ടേഷനില്‍ ജോലിക്ക് ഹാജരാകാവുന്നതും കുറവുള്ള ജീവനക്കാരെ ഓഫീസ് ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നോ, ഭരണ സമിതി അംഗങ്ങളില്‍ നിന്നോ നിയോഗിക്കാവുന്നതാണ്.
*ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് സംഘം സെക്രട്ടറി പാസ് നല്‍കണം.

കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു;
അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

കാരകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച പാല്‍ സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച ദിവസങ്ങളില്‍ ജില്ലയില്‍ പാല്‍ സംഭരണത്തില്‍ ഉണ്ടായിരുന്ന കുറവ് നിലവില്‍ നികത്തപ്പെട്ടതായും പ്രതിദിനം ശരാശരി 2.58 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചതില്‍ 65000 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങള്‍ പ്രാദേശികമായി വിപണനം നടത്തി. ബാക്കി വരുന്ന പാല്‍ മില്‍മയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ക്ഷീര സംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ആവശ്യമായ കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍, ചോളപ്പുല്ല്, ഫീഡ് സപ്ലിമെന്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ക്ഷീരവികസന വകുപ്പ് മുഖേനയും ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകള്‍ മുഖേനയും ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉരുക്കള്‍ക്ക് ആവശ്യമായ തീറ്റയുടെ ലഭ്യത കുറവുള്ള പക്ഷം ഉടന്‍ അറിയിക്കാവുന്നതാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് സാനിറ്റൈസര്‍, ഹാന്റ് വാഷ്, ടവല്‍, മാസ്‌ക്, ഗ്ലൗസ്, ഡിറ്റര്‍ജന്റ്, അണുവിനാശിനികള്‍ തുടങ്ങിയവ വാങ്ങുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ഭരണ സമിതി തീരുമാന പ്രകാരം പ്രവര്‍ത്തന ഫണ്ട് ഉപയോഗിക്കാം. സാനിറ്റൈസര്‍ പൊതുവിപണിയില്‍ നിന്നോ കുടുംബശ്രീ, ശാസ്ത്ര സാഹിത്യ പരിഷത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരോഗ്യവകുപ്പ് മുതലായവയുമായി ബന്ധപ്പെട്ടാണ് ലഭ്യമാക്കേണ്ടത്. ഇത് ഉപയോഗിക്കുന്ന വിധം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

പാല്‍: കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ശ്രദ്ധയ്ക്ക്;

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷകരും ഉപഭോക്താത്തളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന ബന്ധപ്പെടാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ബന്ധപ്പേടേണ്ട നമ്പറുകള്‍:

പാല്‍സംഭരണവും കാലിത്തീറ്റ പ്രശ്നങ്ങളും- 9446248557.
പാല്‍വിപണനം - 9447534258.
പൊതുവിഷയങ്ങള്‍ - 9446467244, 9446511676.

സംസ്ഥാനത്തലത്തില്‍ 9496450432, 9446300767, 9446376988 എന്ന നമ്പറുകളിലും വിളിക്കാം.

date