Skip to main content

കോവിഡ് 19 : യാത്രാ/ വൊളന്റിയര്‍ പാസ് ഇനി ഓണ്‍ലൈനിലും

 

കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ യാത്രപാസ്, അവശ്യസാധനങ്ങളുടെ വിതരണത്തിനായും/ സേവനങ്ങള്‍ക്കുമായുള്ള വൊളന്റിയര്‍ പാസ് എന്നിവ ഇനി ഓണ്‍ലൈനായും ലഭിക്കും. pass.coronasafe.network എന്ന് സെര്‍ച്ച് ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് പാസിനായുള്ള അപേക്ഷ നല്‍കാം.

മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം പോലുള്ള തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ് യാത്രാപാസ് . അടിയന്തര സേവനങ്ങള്‍, അവശ്യവസ്തുക്കള്‍ എത്തിക്കുക, മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് വൊളന്റിയര്‍ പാസ് നല്‍കുക.
യാത്ര ചെയ്യുന്നയാളുടെ പേര്,  ഫോണ്‍ നമ്പര്‍, മേല്‍വിലാസം, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം,  എന്നീ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കണം.

വിവരങ്ങള്‍ പരിശോധിച്ചശേഷം പാസ് അനുവദിക്കുമെങ്കില്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. അധികൃതര്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പാസ് ഉപയോഗിക്കാന്‍ കഴിയൂ. ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യാത്ര/വൊളന്റിയര്‍ പാസ് നല്‍കുന്ന ജില്ലാ നോഡല്‍ ഓഫീസറും ജില്ലാ അഗ്‌നിശമന സേന വിഭാഗം മേധാവിയുമായ അരുണ്‍ഭാസ്‌കര്‍ അറിയിച്ചു .

യാത്രാ/ വൊളന്റിയര്‍ പാസ് നല്‍കുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇപ്രകാരമാണ്:

* അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും അല്ലാതെ മറ്റൊരു കാര്യത്തിനും പാസ് ഉപയോഗിക്കരുത്.

* ജനങ്ങള്‍ക്കിടയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ശരിയായ സാമൂഹിക അകലം പാലിക്കുക. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് 1.5 മീറ്റര്‍ എങ്കിലും അകലം പാലിക്കണം.

* സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പോകുമ്പോള്‍ മാസ്‌ക്, ഗ്ലൗസ്, എന്നിവ നിര്‍ബന്ധമായും ധരിക്കണം.

* സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കൈകള്‍ സോപ്പ്/ ഹാന്റ് വാഷ്/ സാനിറ്റെസര്‍ എന്നിവ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.

* യാതൊരു കാരണവശാലും കൂട്ടംകൂടി പ്രവര്‍ത്തിക്കാനും ആള്‍ക്കൂട്ടം ഉണ്ടാകാനും പാടില്ല.

* സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങളും ക്വാറന്റൈന്‍ നിയമങ്ങളും കര്‍ശനമായി പാലിക്കണം

* പാലക്കാട് ജില്ലയില്‍ നിന്നും കേരളത്തിനകത്തുള്ള യാത്രകള്‍ക്ക് മാത്രമാണ് ഈ പാസ് ബാധകമായിട്ടുള്ളത്.

* പാസില്‍ സൂചിപ്പിച്ചിരിക്കുന്ന ഐ.ഡി. കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്.  

 

date