Skip to main content

കോവിഡ് 19: നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സോഡിയം ഹൈപ്പോക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കാം

 

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ താമസിക്കുന്ന വീടുകള്‍ അണുവിമുക്തമാക്കുന്നതിന് സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി ഉപയോഗിക്കാവുന്നതാണെന്ന് ആര്‍.സി.എച്ച് ഓഫീസറും   കോവിഡ് ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. ജയന്തി പറയുന്നു.
വീടുകളിലെ ഉപയോഗത്തിനുളള അളവില്‍ സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി എങ്ങനെ നിര്‍മിക്കാം?

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കടകളിലും ലഭിക്കുന്ന ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച്് സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി നിര്‍മിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ സംയോജിപ്പിച്ച ലായനി നിശ്ചിത സമയം തെളിയാന്‍ വെയ്ക്കുക. തെളിഞ്ഞു വരുന്ന ലായനിയാണ് സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി. 24 മണിക്കൂര്‍ വരെയാണ് ഇത് ഉപയോഗിക്കാന്‍ കഴിയുന്നത്.

ഉപയോഗിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം

വീടുകളില്‍ നിരീക്ഷണത്തിലുള്ള വ്യക്തിയുടെ മുറി വൃത്തിയാക്കുമ്പോള്‍ മാസ്‌കും ഗ്ലൗസുകളും ഉപയോഗിക്കണം. വ്യക്തി സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിലും മറ്റും സ്പ്രേ ചെയ്യുകയോ തുടയ്ക്കുകയോ ചെയ്യാം. സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ഇവ ഉപയോഗിച്ച് വൃത്തിയാക്കിയ ഇടങ്ങളിലേക്ക് ഉണങ്ങുന്നതു വരെ അല്‍പസമയം പോവാതിരിക്കുക. ശരീരത്തിലോ കണ്ണുകളില്‍ വീണാല്‍ മാരകമാണെന്നതിനാല്‍ കുട്ടികളെ ഒരു കാരണവശാലും ഈ ലായനിയുമായി സമ്പര്‍ക്കം വരാതിരിക്കാന്‍ നോക്കണം. ഇത് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുക.

കോവിഡ് 19 രോഗ നിരീക്ഷണത്തില്‍ അല്ലാത്തവര്‍ പുറത്തു പോയി വന്ന ശേഷം കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്താല്‍ മതിയാവും. സ്ഥിരസമ്പര്‍ക്കമുള്ള വാതില്‍ പിടികള്‍, ടി.വി റിമോര്‍ട്ടുകള്‍, സ്വിച്ചുകള്‍, പാത്രങ്ങള്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയെന്നും ഡോ.ജയന്തി വ്യക്തമാക്കുന്നു.

date