Skip to main content

കോവിഡ് 19 മുഖ്യമന്ത്രി ഇടപെട്ടു ചികിത്സയ്‌ക്കെത്തി ബാംഗ്ലളൂരില്‍ കുടുങ്ങിയ വിധവയെ നാട്ടിലെത്തിച്ചു

ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയാ ചികിത്സയ്ക്ക് ബാംഗ്ലൂരില്‍ വൈറ്റ് ഫീല്‍ഡില്‍ എത്തി ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിപ്പോയ വിധവയായ യുവതിക്കും മകനും മുഖ്യമന്ത്രിയുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. ശസ്ത്രക്രിയ നടത്തുന്നതിനുള്ള രണ്ടാംഘട്ട ചികിത്സയ്ക്ക് സത്യസായി മെഡിക്കല്‍ സയന്‍സില്‍ എത്തിയതായിരുന്നു കൊല്ലം പെരിനാട് സ്വദേശിനിയും മകനും. എന്നാല്‍ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ചു. തന്റെ രണ്ടു മക്കള്‍ മാത്രമാണ് വീട്ടിലുള്ളതെന്നും അതിനാല്‍ നാട്ടില്‍ തിരിച്ചെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് അഡ്വക്കേറ്റുമാരായ എം എസ് ഗോപകുമാര്‍, ബോറീസ് പോള്‍ എന്നിവര്‍ വഴിയാണ് യുവതി മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കര്‍ണാടക അധികൃതരുമായി ബന്ധപ്പെട്ടു. എന്‍ എസ് ആശുപത്രി ആംബുലന്‍സും രണ്ടു ഡ്രൈവര്‍മാര്‍, ഒരു മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനവും സൗജന്യമായി നല്‍കി. മലയാളികളും ഐ എ എസ് ഓഫീസര്‍മാരുമായ പി സി ജാഫര്‍, റെജു, വയര്‍ലെസ് ഓഫീസറായ അഞ്ജു എന്നിവരും എ ഡി ജി പ്രതാപ റെഡ്ഡി, ധര്‍മ്മേന്ദ്രകുമാര്‍ മീണ ഐ പി എസ് എന്നിവരും യുവതിയും മകനും നാട്ടിലെത്താനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. ഇന്നലെ(ഏപ്രില്‍ 28) വൈകിട്ട് അഞ്ചിന് കൊല്ലത്ത് എത്തിയ ഇവരെ നെല്ലിമുക്കിലെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി.
(പി.ആര്‍.കെ. നമ്പര്‍. 1239/2020)
 

date