Skip to main content

ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചു; സുരക്ഷ ഉറപ്പാക്കി പോലീസ്

കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ റെഡ് സോണിലായ കോട്ടയം, ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ അടച്ചു പരിശോധന ശക്തമാക്കി ജില്ലാ പോലീസ്. ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ മേയ് മൂന്നിനു ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയുള്ളുവെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ വ്യക്തമാക്കി. 

ആവശ്യസേവനങ്ങള്‍ നല്‍കുന്ന വ്യാപാരസ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കാനുള്ള അനുവാദം മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരുടെ എണ്ണം വര്‍ധിക്കുകയും ഇളവുകള്‍ നിലവില്‍വന്നുവെന്ന ധാരണയില്‍ കടകള്‍ തുറക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ഇടുക്കി, കോട്ടയം ജില്ലകളില്‍ രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണു ജില്ലയില്‍ അതിര്‍ത്തിള്‍ അടച്ചു കര്‍ശന വാഹനപരിശോധന ഉറപ്പാക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് മേധാവി പറഞ്ഞു.  

       ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി:എ.സന്തോഷ്‌കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍  ജില്ലയിലെ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധന ശക്തമാക്കുകയും വിലക്കുകള്‍ ലംഘിച്ച നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും  ചെയ്തു.  അതിര്‍ത്തി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വരുംദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

       കോട്ടയം ജില്ലാ അതിര്‍ത്തിയായ റാന്നി, മന്ദമാരുതി പ്രദേശങ്ങള്‍ അടച്ചാണ് അഡിഷണല്‍ എസ്.പിയുടെയും ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വാഹന പരിശോധന  നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.

date