Skip to main content

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കും- മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണ്ടായ തിരിച്ചടികളും പുതിയ പ്രതിസന്ധികളും മറികടക്കുക പെട്ടെന്ന് സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കണം.
ഓരോ വകുപ്പിന്റെയും പദ്ധതികൾ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാത്തിന്റെയാകെ പദ്ധതിക്ക് രൂപം നൽകും. ഇതിനുപുറമെ ആസൂത്രണ ബോർഡ് മറ്റൊരുതലത്തിൽ വിശദമായ പഠനം നടത്തുന്നുണ്ട്.
കൊറോണ വൈറസ് ബാധ തടയാൻ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. ഇനിയുള്ള കുറേനാളുകളിൽ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളിലും യാത്രാവേളകളിലും പൊതു മാർക്കറ്റുകളിലും കൂടുതൽ ആളുകൾ ചേരുന്നിടത്തും മാസ്‌ക് തുടർന്നും നിർബന്ധമാക്കണം.
കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നുകൂടി പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗൺ സാഹചര്യം മെയ് ഒന്നിനു തന്നെ വിലയിരുത്തി പുതിയ തീരുമാനമെടുക്കും. എല്ലാ മേഖലകളും വിലയിരുത്തി തയ്യാറെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകൾ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ല. റെഡ്സോണിലും അല്ലാത്തിടത്തും ഏതൊക്കെ കടകൾ ഏതു സമയത്ത് തുറക്കണം എന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡം പാലിക്കണം.
രണ്ടുദിവസമായി ഉണ്ടാകുന്ന പ്രധാന പ്രശ്നം റോഡിലെയും കമ്പോളങ്ങളിലെയും തിരക്കാണ്. മാർക്കറ്റുകളിൽ ശാരീരിക അകലം പാലിക്കാത്ത നിലയിൽ ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസും ജില്ലാ ഭരണസംവിധാനങ്ങളും ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഇടുക്കി ജില്ലാ അതിർത്തികളിൽനിന്ന് ആന്ധ്ര, തമിഴ്നാട്, കർണാടക ലോറികൾ പരിശോധനയില്ലാതെ കടത്തിവിടാതിരിക്കാൻ പൊലീസും വനം-റവന്യു വകുപ്പുകളും യോജിച്ച് ഇടപെടണം.
ലോക്ക്ഡൗൺ ശക്തമായി നടപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ അതിർത്തിയിലെ പ്രധാന റോഡുകളിലും ഇടവഴിയിലും കർക്കശമായ പരിശോധന ഏർപ്പെടുത്തി. 78 പിക്കറ്റ് പോസ്റ്റുണ്ട്. കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു. ജില്ലയെ അഞ്ച് ഡിവിഷനായി വിഭജിച്ച് ഡിവൈഎസ്പിമാർക്ക് ചുമതല നൽകി.
കോട്ടയം ജില്ലയിൽ 18 പേർ ചികിത്സയിലുണ്ട്. അതിൽ ഒരാൾ ഇടുക്കി ജില്ലക്കാരനാണ്. 1040 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലാ അതിർത്തി അടച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 1462 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 13 പേർ ആശുപത്രിയിലാണ്. ജില്ലയിൽ മുൻകരുതലുകളിലോ സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുത് എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ (175) റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇതുവരെ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കി. അവിടെയുണ്ടായിരുന്ന അവസാനത്തെ രോഗിയെയും ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തു. 200ഓളം പേരടങ്ങുന്ന അവിടുത്തെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തക സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ എന്നു കണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേകം ഇടപെടും. മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികൾ കൂട്ടത്തോടെ വന്നുതുടങ്ങി. സ്വകാര്യ ആശുപത്രികളിലും ഇതിൽ അശ്രദ്ധ പാടില്ല.
മാലിന്യനീക്കത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമാണ്. അതിഥി തൊഴിലാളികളെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗൗരവബോധത്തോടെ ഇതിൽ ഇടപെടണം.
സാമ്പിളുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന് (വിടിഎം) രാജ്യത്താകെ ക്ഷാമമുണ്ടെങ്കിലും കേരളത്തിൽ പബ്ലിക് ലബോറട്ടറി വിടിഎം സ്വന്തമായി നിർമിക്കുന്നതുകൊണ്ട് ക്ഷാമമില്ല. എല്ലാ ജില്ലകളിലും പരിശോധന നടത്താനുള്ള 46,000 പിസിആർ റീ ഏജന്റും 15,400 ആർഎൻഎ എക്‌സ്ട്രാക്ഷനും സ്റ്റോക്കുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന കൂടുതൽ കിറ്റുകൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്.
റെയിൻ ഗാർഡിങ് സാമഗ്രികൾ കിട്ടാത്തതുകൊണ്ട് റബർ കർഷകർ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിനുള്ള എല്ലാ സാമഗ്രികളും ലഭ്യമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1602/2020

date