Skip to main content

തെറ്റായ ഇടപെടൽ ഒഴിവാക്കാൻ മാധ്യമങ്ങൾ ജാഗ്രത കാണിക്കണം -മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ ഗുണപരമായ പങ്കാണ് മാധ്യമങ്ങൾ വഹിക്കുന്നതെന്നും തെറ്റായ ഇടപെടൽ ഒഴിവാക്കാൻ അവർ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാധ്യമങ്ങളുടെ ഗുണപരമായ ഇടപെടൽ കൂടുതൽ മികച്ച രീതിയിൽ തുടരണം എന്നാണ് ആഗ്രഹം. എന്നാൽ, അതിനു വിരുദ്ധമായ ചിലത് ഉണ്ടാകുന്നു എന്നത് കാണാതിരിക്കാനാകില്ല. കഴിഞ്ഞദിവസം കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആളെ ആശുപത്രിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധിതരുടെ വിവരങ്ങൾ ചോർന്നുപോകുന്നു എന്ന് ചർച്ച നടത്തുന്ന അതേ സമയത്തുതന്നെ സ്വന്തമായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് നല്ല രീതിയല്ല.
രോഗബാധ സ്ഥിരീകരിച്ചാൽ എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിസൾട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചതു മുതൽ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
വീഴ്ചകളുണ്ടാകുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നതിലും വിമർശിക്കുന്നതിലും  കുഴപ്പമില്ല. എന്നാൽ, ഒരു സംവിധാനത്തെയാകെ സംശയത്തിന്റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടൽ ഒഴിവാക്കണം. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകരും ജാഗ്രത കാണിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രങ്ങൾക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌ക്കുകൾ വിതരണം ചെയ്തത് മാധ്യമ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായ അഭിനന്ദനാർഹമായ പ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1603/2020

date