Skip to main content

കൊറോണ; മുഴുവന്‍ വീടുകളിലും മാസ്‌ക് എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും മാസ്‌ക്ക് ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ഇതിനായി ഓരോ തദ്ദേശസ്ഥാപനവും അനുയോജ്യമായ പരിപാടികള്‍ തയ്യാറാക്കി ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. മെയ് മൂന്നിനകം മാസ്‌ക്കുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്ന വിധം ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികളുടെ പണി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിവിധ ഘട്ടങ്ങളിലുള്ള നിര്‍മാണ പ്രവൃത്തികളുണ്ട്. ഇതില്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടവയ്ക്കാണ് ഇങ്ങനെ പ്രത്യേക അനുമതി ആവശ്യപ്പെടുന്നതെന്ന് പ്രസിഡണ്ട് അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പൊതുവായ സമൂഹ നന്മയ്ക്കാണെന്ന് കണ്ട് അവ പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത നഗര പ്രദേശങ്ങളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.
ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, ഇ പി ലത, അജിത് മാട്ടൂല്‍, സുമിത്ര ഭാസ്‌ക്കരന്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date