Skip to main content

കുഞ്ഞികൈകള്‍ക്കും തന്നാലായത്: സൈക്കിള്‍ വാങ്ങാനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാംക്ലാസുകാരി

 

കോവിഡ് 19 എന്ന മഹാമാരിയെ സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കേരള ജനത ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമ്പോള്‍  ആ യജ്ഞത്തില്‍ പങ്കാളിയാവുകയാണ് പൊന്നാനിയില്‍ നിന്ന് ഒരു കൊച്ചുമിടുക്കി.  സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് ഒന്നാം ക്ലാസുകാരി നിദ തെസ്‌നി.

പാറി പറന്നു നടക്കാനും കൂട്ടുകാരോടൊത്ത് കളിച്ചു നടക്കാനുമാണ് ഒന്നാം ക്ലാസുകാരി നിദ തെസ്‌നി സൈക്കിള്‍  വാങ്ങാന്‍ പണം സ്വരൂപിച്ച് തുടങ്ങിയത്.  എന്നാല്‍ കോവിഡ് 19 ലോകമാകെ പടര്‍ന്നു പിടിച്ച് കേരളത്തിലുമെത്തി സംസ്ഥാന സര്‍ക്കാര്‍ ആ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുമ്പോള്‍ നിദയ്ക്കും സര്‍ക്കാരിന്റെ കൂടെ നില്‍ക്കാന്‍ ആഗ്രഹമായി. നിദയുടെ ആഗ്രഹത്തിന് കട്ട സപ്പോര്‍ട്ടുമായി അച്ഛനായ പുത്തന്‍ വീട്ടില്‍ ജാബിറും വീട്ടുകാരും കൂടെ നിന്നു. ഇതോടെ സൈക്കിള്‍ വാങ്ങാനായി കരുതിയ തുക നിദ  തെസ്‌നി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.  

പൊന്നാനി നഗരസഭയിലെത്തി ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിക്കാണ്  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി നിദ തെസ്‌നി തുക കൈമാറിയത്. പൊന്നാനി ഐ.എസ്.എസ്  സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്  എ.പി നിദ തെസ്‌നി.
 

date