Skip to main content

കോവിഡ് 19: എടപ്പാളിലെ കോവിഡ് കെയര്‍ സെന്റര്‍ അടച്ചിട്ടില്ല: ജില്ലാ കലക്ടര്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത് കൂടുതല്‍ പരിശോധനകള്‍ക്കായി

 

കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ക്കുമായി സ്വയം നിരീക്ഷണത്തിന് ആരംഭിച്ച എടപ്പാളിലെ കോവിഡ് കെയര്‍ സെന്റര്‍ അടച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. എടപ്പാളിലെ മലബാര്‍ ഡെന്റല്‍ കോളജാണ് കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കേന്ദ്രം അടച്ചെന്ന വിധത്തിലുള്ള പ്രചരണം ശരിയല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മറ്റ് 23 പേരെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ രോഗ ലക്ഷണങ്ങളുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് ആശുപത്രിയില്‍തന്നെ നിരീക്ഷണം തുടരും. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെ വീടുകളിലേയ്ക്ക് മടക്കി അയയ്ക്കും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ളവരെ വീണ്ടും എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററിലേയ്ക്കുതന്നെ മാറ്റും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇനിയും നിരീക്ഷണം ആവശ്യമുള്ളവര്‍ക്ക് എടപ്പാളിലെ കോവിഡ് കെയര്‍ സെന്റര്‍ ഉപയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

date