Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 100 ചരക്ക് വാഹനങ്ങള്‍ക്ക് കൂടി പാസ് അനുവദിച്ചു

 

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇന്നലെ (ഏപ്രില്‍ 28) 100 ചരക്ക് വാഹനങ്ങള്‍ക്കുകൂടി യാത്രാ പാസുകള്‍ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 38 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍ നിന്നും ചരക്കെടുക്കുന്ന 62 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ഇതോടെ ജില്ലയില്‍ നിന്ന് ഇതുവരെ ചരക്ക് വാഹനങ്ങള്‍ക്ക് അനുവദിച്ച പാസുകള്‍ 2,666 ആയി. ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കുന്നതിലെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

covid19jagratha.kerala.nic.in എന്ന വെബ് സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്സ് സര്‍വീസ് (essential goods service) എന്ന വിഭാഗത്തിലെ വെഹിക്കിള്‍ പെര്‍മിറ്റ് (vehicle permit) ല്‍ ആണ് ചരക്കു വാഹനങ്ങള്‍ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതില്‍ മറ്റ് യാത്രാ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
 

date