Skip to main content

മലയോരത്ത് ഡെങ്കി ഹര്‍ത്താല്‍ നടത്തി

മലയോര മേഖലയില്‍ പടര്‍ന്ന് പിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍  ഡെങ്കി ഹര്‍ത്താല്‍ നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെയും വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലായിരുന്നു ഡെങ്കി ഹര്‍ത്താല്‍. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരണവും വീടുകളിലും തോട്ടങ്ങളിലും ശുചീകരണവും കൊതുകിന്റെ ഉറവിട നശീകരണവും നടത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയില്‍ ഇടത്തോട് ടൗണില്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണിയും കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയില്‍ മാലോത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയവും ഉദ്ഘാടനം ചെയ്തു. ഡോ രാജശ്രീ എസ് എസ്, പഞ്ചായത്ത് സെക്രട്ടറി ഹരികുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് സി ഫിലിപ്പ്, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ പീതാംബരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിമ്മി ഇടപ്പാടിയില്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രി, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവരുടെ  നേതൃത്തിലാണ് വാര്‍ഡുകളില്‍ പ്രവര്‍ത്തനം നടത്തിയത്. തോട്ടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി അയ്യായിരത്തോളം കൊതുകിന്റെ ഉറവിടങ്ങളാണ് ഡെങ്കി ഹര്‍ത്താല്‍ നടത്തിയതിലൂടെ ഒഴിവായത്.  ലോക് ഡൗണ്‍ കാലത്ത് കുട്ടികളും ആവേശപൂര്‍വം ഡെങ്കി ഹര്‍ത്താലില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളില്‍ വീടുകളിലും തോട്ടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധിക്കുന്നതിനായി പ്രത്യേക ആരോഗ്യ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എം രാധാമണി പറഞ്ഞു. കവുങ്ങിന്‍ തോട്ടങ്ങളും റബര്‍ത്തോട്ടങ്ങളിലും ഉറവിട നശീകരണം നടത്താത്തവര്‍ക്കെതിരെ  നിയമ നടപടി സ്വീകരിക്കാന്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും തുടര്‍ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ ഡങ്കി പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാവൂ എന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് സി ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പഞ്ചായത്തില്‍ പ്രത്യേക മൈക്ക് അനൗണ്‍സ്‌മെന്റും എല്ലാ വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ ചേരുകയും ചെയ്തിരുന്നു. ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡങ്കി ഡൗണ്‍ ചാലഞ്ച് എന്ന പേരില്‍ ഉറവിടനശീകരണം നടത്തുന്നതിന്റെ പ്രത്യേക ഫോട്ടോ ഗ്രാഫി മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date