Skip to main content

സംസ്ഥാനത്തെ ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക്  ബീഹാര്‍ സര്‍ക്കാരിന്റെ ധനസഹായത്തിന് അപേക്ഷിക്കാം

 

കേരളത്തില്‍ തൊഴിലെടുക്കുന്ന ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ 1000 രൂപ നല്‍കുന്നതിന് തീരുമാനിച്ചു. ലോക്ക്ഡൗണ്‍ മൂലം മറ്റുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലുള്ള ബീഹാര്‍ സ്വദേശികള്‍ക്കും ആനുകൂല്യം ലഭിക്കുക. ബീഹാര്‍ ചീഫ് മിനിസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നാണ് കുടുംബം ഒന്നിന് 1000 രൂപ വീതം നല്‍കുന്നത്. 
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തുക ആവശ്യമുള്ള ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്കും പണം ലഭിക്കും. www.aapda.bih.nic.in എന്ന വെബ്‌സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷിക്കുന്ന തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്. 
ആധാര്‍ കാര്‍ഡിന്റെ കോപ്പി, തൊഴിലാളിയുടെ ബീഹാറിലുള്ള ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡിലുള്ള ഫോട്ടോയും അപേക്ഷയിലുള്ള ഫോട്ടോയും തമ്മില്‍ സാമ്യമുണ്ടായിരിക്കണം. മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒ.ടി.പി  നമ്പര്‍ ഉപയോഗിച്ചായിരിക്കണം രജിസ്‌ട്രേഷന്റെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 
ആവശ്യമുള്ളവര്‍ക്ക് ഡല്‍ഹിയിലുള്ള ബീഹാര്‍ ഭവന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 01123792009, 23014326, 23013884 എന്നിവയിലേക്കും പട്‌നയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 06122294204, 2294205 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് മാത്രമാണ് തുകയ്ക്കായി അപേക്ഷിക്കാനുള്ള യോഗ്യത.

date