Skip to main content

പ്രതിരോധം ശക്തമാക്കി കോട്ടയം

 

 കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു. അതിര്‍ത്തി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  14 ചെക്ക് പോസ്റ്റുകളില്‍ പോലീസ്, റവന്യൂ, മോട്ടോര്‍ വാഹനം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നു.  

രോഗബാധിതരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍  പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പ്രത്യേക പോലീസ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ മേഖലകള്‍ക്കായി പ്രത്യേക പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരുകളുമുണ്ട്. 

കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ വീടിന് പുറത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഈ സേവനത്തിനും ഹെല്‍പ്പ്ലൈന്‍ സൗകര്യമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളില്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  

ഹോട്ട്സ്പോട്ടുകളില്‍ പോലീസ് നീരീക്ഷണം ശക്തമാക്കി.  ജില്ലയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. 

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധന വ്യാപകമാക്കി.  നിലവിലുള്ള നാല് സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കു പുറമെ ആറ് മൊബൈല്‍ സാമ്പിള്‍ ശേഖരണ യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളിലുള്ളവരുടെ സാമ്പിള്‍ പരിശോധനയ്ക്കാണ് മുന്‍ഗണന.

രോഗം സ്ഥിരീകരിച്ചവരില്‍ പലരും ആശുപത്രികള്‍ സന്ദര്‍ശിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ ക്വാറന്‍റയിനിലാക്കുന്നതിനും സ്രവം പരിശോധിക്കുന്നതിനും നടപടി സ്വീകരിച്ചു. ആരോഗ്യ സ്ഥാപനങ്ങളില്‍ അണുനശീകരണം നടത്തിയശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. നിലവില്‍ ജില്ലയില്‍ 1040 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 

വീടുകളില്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയാന്‍ സാഹചര്യമില്ലാത്തവര്‍ക്കായി ഏര്‍പ്പെടുത്തിയ  പ്രത്യേക കോവിഡ് കെയര്‍ സെന്‍ററുകള്‍ സജ്ജമാണ്. നിലവില്‍ 18 പേര്‍ ഈ സെന്‍ററുകളിലുണ്ട്.  

കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടായാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ നിശ്ചിത ശതമാനം സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ പരിചരണത്തിനായി കരുതിവച്ചിരിക്കുന്നു.  

മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ഇന്നലെ(ഏപ്രില്‍ 28) രാവിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

date