Skip to main content

ആയുര്‍വ്വേദ പ്രതിരോധ പ്രവര്‍ത്തന നിരീക്ഷണത്തിന് മേഖലാ സമിതി

കോവിഡ് 19 പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നാല് പദ്ധതികള്‍ ജില്ലാതലങ്ങളില്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കാന്‍ മധ്യമേഖലാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, സ്വകാര്യ ഡോക്ടര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് 19 സംബന്ധിച്ച് പരിശീലനം നല്‍കുക എന്നിവക്കും പദ്ധതി നിര്‍വ്വഹണത്തിനും ഡാറ്റാ കളക്ഷനുമാണ് സമിതി പ്രവര്‍ത്തിക്കുന്നത്. തൃപ്പൂണിത്തുറ ഗവ. ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശ്യമാളാദേവി ചെയര്‍പേഴ്‌സണും ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എല്‍.സിന്ധു കോ-ഓര്‍ഡിനേറ്ററുമായ സമിതിയില്‍ പാലക്കാട് ഡി.എം.ഒ(ഐ.എസ്.എം) ഡോ.ഷിബു എസ്, നാഷണല്‍ ആയുഷ്മിഷന്‍ ഡി.പി.എം ഡോ.ശ്രീവത്സ് എന്‍.വി, തൃപ്പൂണിത്തുറ ഗവ.ആയുര്‍വ്വേദ കോളേജ് സ്വസ്ഥവൃത്തം വിഭാഗം  പ്രൊഫ. ഡോ.ജ്യോതി, വലപ്പാട് ജി.എ.എച്ച്, .എം.ഒ ഡോ. ജോസ് പൈക്കട, എ.എം.എ.ഐ പ്രസിഡന്റ് ഡോ. രാജു തോമസ്, ജനറല്‍ സെക്രട്ടറി ഡോ.രാമനാഥന്‍, ആയുര്‍വ്വേദ ഭിഷഗ്വരന്‍മാരായ ഡോ.ഇ.ടി നീലകണ്ഠന്‍മൂസ്സ്, ഡോ.വി.എം ഋഷികുമാരന്‍ നമ്പൂതിരി, ഡോ.സി.എസ് കൃഷ്ണകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.
ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി മരുന്നുകള്‍  കുറച്ച് ലഘുവ്യായാമം ഉള്‍പ്പെടെയുള്ളവ ശീലിപ്പിക്കാനും ദിനചര്യ, നല്ല ഭക്ഷണം എന്നിവയിലൂടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള സേവനമാണ് സ്വാസ്ഥ്യം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1206 ക്ലിനിക്കുകള്‍ സംസ്ഥാനത്ത്   പ്രത്യേകം പ്രവര്‍ത്തനം ആരംഭിച്ചു.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പകര്‍ച്ച വ്യാധികളില്‍ നിന്ന് സംരക്ഷിക്കാനുള്ള  ഔഷധങ്ങളും ചികിത്സയുമാണ് സുഖായുഷ്യം  പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കോവിഡ് 19 ബാധിച്ച് നെഗറ്റീവായ ശേഷം രണ്ടാഴ്ചത്തെ വിശ്രമം കഴിഞ്ഞ് ആരോഗ്യം വീണ്ടെക്കുന്നതിനുള്ള ചികിത്സയാണ് പുനര്‍ജനി.  പലവിധ കാരണങ്ങളാല്‍ ഡോക്ടറെ നേരിട്ട് കാണാനും മരുന്ന് വാങ്ങാനും  കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള പരിഹാരമാണ് നിരാമയ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. നിലവില്‍ മരുന്നുകള്‍  മുടങ്ങിപ്പോയവര്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കും.
 

date