Skip to main content

അവശ്യ സാധനങ്ങളും മരുന്നും പൊതുജനങ്ങള്‍ക്ക് വീട്ടില്‍ ലഭിക്കാന്‍ 04954269955 ഹെല്‍പ്പ് ലൈന്‍ നമ്പര്‍

 

ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്നവര്‍ക്ക് സഹായത്തിനായി 04954269955 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും വീട്ടിലെത്തിച്ച് നല്‍കും. പലചരക്ക്, പഴം, പച്ചക്കറി, ഭക്ഷണം, ആംബുലന്‍സ്, മരുന്നുകള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് അത്യാവശ്യമുള്ള സേവനങ്ങള്‍ വിവിധ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് വീടുകളില്‍ എത്തിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലും ചേര്‍ന്നാണ് ഹെല്‍പ്ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കാനുള്ള സംവിധാനമാണ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ ഇതുവഴി നടപ്പാക്കുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്ന പൊതുജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലമോ പിന്‍കോഡോ നല്‍കി അവശ്യ സാധനങ്ങളോ മരുന്നുകളോ ആവശ്യപ്പെട്ടാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഇവ നേരിട്ട് വീട്ടിലെത്തിക്കും. ഈ സേവനത്തിന് അധികമായി പണം നല്‍കേണ്ടതില്ല.

താമസസ്ഥലത്തിന് ഏറ്റവും അടുത്ത് ഈ സേവനങ്ങള്‍ ലഭിക്കുന്ന, തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും കടകളുടെയും നമ്പരും പൊതുജനങ്ങള്‍ക്ക് ലഭിക്കും. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഉപഭോക്താവിന് ഈ സൗകര്യം വഴി നിര്‍ദേശിക്കാം. ഇതിനായി ജില്ലയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ 360 ഓളം വരുന്ന സപ്ലൈ ടീമും സജ്ജമാണ്. പതിനായിരം ഫോണ്‍ കോളുകള്‍ ഒരേസമയം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ ഹെല്‍പ്ലൈന്‍ സംവിധാനം വഴി ജില്ലയില്‍ ലഭ്യമായ ഏത് സ്ഥാപനത്തിലേക്ക് വേണമെങ്കിലും കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും അതുവഴി കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭിക്കാനും സഹായിക്കും.  www.covidsupport.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം 200 എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ സേവനനിരതരായി ഈ ഹെല്‍പ്ലൈനില്‍ 24 മണിക്കൂറും സന്നദ്ധരായിട്ടുണ്ട്. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാരെ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഈ സംവിധാനം പാലക്കാട് ജില്ലയിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ഏകോപിപ്പിക്കാന്‍ സഹായിക്കും. ഹെല്‍പ്പ് ലൈന്‍ നമ്പറിന്റെ സഹായത്തോടെ ആളുകള്‍ വീട്ടിരുന്ന് സാധനങ്ങള്‍ വാങ്ങുന്നത് വഴി ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നാല്‍ ഉണ്ടാകുന്ന ജനത്തിരക്ക് നിയന്ത്രിക്കാനും രോഗവ്യാപന സാധ്യത തടയാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറയുന്നു.  

date