Skip to main content

നെല്ല് വിറ്റുകിട്ടിയ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കര്‍ഷകന്‍

ആനക്കരയില്‍ നെല്ല് വിറ്റ് കിട്ടിയ ആദ്യ തുകയായ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കര്‍ഷകന്‍. മലമക്കാവ് പടിഞ്ഞാറേതില്‍ വിശ്വനാഥനാണ് ആനക്കര കൃഷിഭവനില്‍ നേരിട്ടെത്തി കൃഷി ഓഫീസര്‍ എം. പി സുരേന്ദ്രന് തുക കൈമാറിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ  തമിഴ്നാട്ടില്‍ നിന്നുള്ള യന്ത്ര പണിക്കാര്‍ മടങ്ങിപ്പോവുകയും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്ന വിശ്വനാഥന്റെ 20 ഏക്കര്‍ കൃഷിയിടത്തില്‍ ആരംഭിച്ച കൊയ്ത്ത് നിന്നു പോവുകയും  ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആനക്കര കൃഷി ഓഫീസര്‍ ഇടപെട്ട് കൊല്ലങ്കോട് നിന്ന് കൊയ്ത്ത് മെഷീന്‍ എത്തിച്ചു. സപ്ലൈകോ നെല്ല് സംഭരണത്തിന് ലോറിയും എത്തിച്ചു നല്‍കി. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം തുണയായതിന്റെ നന്ദിയും സന്തോഷവുമാണ് തുക കൈമാറുന്നതിലൂടെ പങ്കുവയ്ക്കുന്നതെന്ന് വിശ്വനാഥന്‍ പറഞ്ഞു. ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു മാസ്റ്റര്‍, സെക്രട്ടറി ശ്രീദേവി, സീനിയര്‍ കൃഷി അസിസ്റ്റന്റ് ഗിരീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. കര്‍ഷകന്‍ നല്‍കിയ തുക ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date