ദമ്പതിമാര്‍ സക്കാത്ത് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
ആലപ്പുഴ: ജീവനക്കാരായ ദമ്പതിമാര്‍ ചെറിയപെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ കരുതിവച്ച് സക്കാത്ത് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി പഞ്ചായത്തില്‍ നസീം മന്‍സിലില്‍ എം.മുഹമ്മദ് നാസര്‍, ഭാര്യ ടി.എഫ്.ഫാത്തിമ എന്നിവരാണ് ഇരുവരുടേയും സക്കാത്ത് ആയി 12,500 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇരുവരും കഴിഞ്ഞ ദിവസം കളക്ട്രേറ്റിലെത്തി അഡിഷണല്‍ ജില്ല മജിസ്ട്രേറ്റ് വി.ഹരികുമാറിന് തുക കൈമാറുകയായിരുന്നു. എം.ജി.സര്‍വകലാശാല വൈസ് ചാന്‍സിലറുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സെക്ഷന്‍ ഓഫീസറാണ് മുഹമ്മദ് നാസര്‍. ഭാര്യ വടകര ആര്‍.ടി.ഓ ഓഫീസ് ജൂനിയര്‍ സൂപ്രണ്ടാണ്. കൂടാതെ ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും തങ്ങളുടെ സക്കാത്ത് തുക ഇവര്‍ അരിയായും പണമായും കുടുംബള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ അരിയും ധാന്യങ്ങളും നേരത്തെ തന്നെ റേഷന്‍ കടകള്‍ വഴി നല്‍കിയതും സഹായ പെന്‍ഷന്‍ നേരത്തെ വിതരണം ചെയ്തതും കണക്കിലെടുത്താണ് സക്കാത്ത് തുക മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഹമ്മദ് നാസര്‍ വ്യക്തമാക്കി.
- Log in to post comments