ലോക്ക് ഡൗണ്‍ :ഇളവുകളും നിയന്ത്രണങ്ങളും
സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ കാലാവധി മെയ് 4 മുതല്‍ 17 വരെ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
പൊതുഗതാഗതം, സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍, ബാര്‍, മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയ്ക്ക് അനുമതിയില്ല. കൂടാതെ പൊതുയോഗങ്ങള്‍, ആരാധനാലയങ്ങളില്‍ ഉള്ള ഒത്തുചേരല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.
ചില മേഖലകളില്‍ നിയന്ത്രണങ്ങളോടെ ഉള്ള പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കായി രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെ പുറത്തിറങ്ങാം. പത്ത് വയസ്സിന് താഴെയും 65 വയസ്സിനുമുകളിലും പ്രായമുള്ളവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. കാറ് മുതലായ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടുപേര്‍ക്കും ടൂവീലറില്‍ ഒരാള്‍ക്കും മാത്രമാണ് യാത്രാനുമതി. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടി വെട്ടി കൊടുക്കാം. ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവയില്‍ നിന്നും പാഴ്സല്‍ അനുവദിക്കും. എന്നാല്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒറ്റ നിലയുള്ള തുണിക്കടകള്‍ക്ക് അഞ്ച് ജീവനക്കാരെ വച്ച് തുറന്നു പ്രവര്‍ത്തിക്കാം. ഒരു സമയം അഞ്ച് കസ്റ്റമേഴ്സിനെ മാത്രമാണ് അനുവദിക്കുക.
നിര്‍മാണപ്രവര്‍ത്തനങ്ങളും വ്യവസായശാലകളും പ്രവര്‍ത്തനം ആരംഭിക്കാം. എന്നാല്‍ മറ്റ് സംസ്ഥാനത്തുനിന്നും തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യാന്‍ അനുവദിക്കില്ല. ഇവിടെയുള്ള വരെ വെച്ച് ജോലിചെയ്യാം. അന്യസംസ്ഥാനത്ത് പെട്ടുപോയ ജീവനക്കാരെ ജില്ലാ ഭരണകൂടത്തിന്റെ പാസ് മുഖേന തിരിച്ചെത്തിച്ചു ജോലി ചെയ്യിപ്പിക്കാം. എന്നാല്‍ ഇവരെ തിരിച്ചു പോകാന്‍ അനുവദിക്കില്ല. ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കണം.
ചെരുപ്പുകട, ജ്വല്ലറി എന്നിവ തുറക്കാം. ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിലുള്ള എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
തൊഴിലില്ലായ്മ മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ പഴയതുപോലെ ആവാന്‍ കുറച്ചുകൂടി സമയം ആവശ്യമാണെന്നും അതിനാല്‍ ഓരോരുത്തരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മാസ്‌ക് ധരിച്ച് അകലം പാലിച്ച് നിയന്ത്രണങ്ങളോടെ നടക്കുണം. ഇല്ലെങ്കില്‍ ഇപ്പോഴത്തെ ഇളവുകള്‍ വീണ്ടും നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്‍ ഓരോരുത്തരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments