Skip to main content

ക്രഷര്‍ ഉത്പന്നങ്ങളുടെ അനധികൃത കടത്ത്  എട്ടു വാഹനങ്ങള്‍ പിടികൂടി

 

ജില്ലയില്‍ ഷാഡോ പോലീസിനെ ഉപയോഗിച്ചുള്ള പരിശോധന തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമാക്കിയപ്പോള്‍, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും അനധികൃതമായി കടത്തിയതിന് വാഹനങ്ങള്‍ പിടികൂടിയതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാത്ത എട്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്. പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയതായും, സമയക്രമം പാലിക്കാതെയും നിയന്ത്രണമില്ലാതെയും ചീറിപ്പായുന്ന ടിപ്പറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

ഇന്ന് (06.05.2020) കീഴ്‌വായ്പൂര്‍, പെരുമ്പെട്ടി, വെണ്ണിക്കുളം, റാന്നി, വെച്ചൂച്ചിറ  ഭാഗങ്ങളില്‍ ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ എട്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നാലു ടോറസും നാലു ടിപ്പര്‍ ലോറികളും ഉള്‍പ്പെടുന്നു. തുടര്‍ നടപടികള്‍ക്കായി കീഴ്‌വായ്പൂര്‍, റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി. വരും ദിവസങ്ങളിലും അനധികൃത കടത്തിനെതിരായ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴ് വരെയുള്ള യാത്രാനിയന്ത്രണം തുടങ്ങിയുള്ള വിലക്കുകളുടെ ലംഘനം കര്‍ശനമായി തടയും. കോവിഡ്ബാധയില്‍ നിന്നും ജില്ല മുക്തിനേടി എന്നും നാട് സാധാരണ നിലയിലായി എന്നുമുള്ള  ചിന്താഗതിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും നഗരങ്ങളില്‍ ഗതാഗത തിരക്ക് ഉണ്ടാക്കുന്നതും തടയുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ തിരികെ വരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ആവശ്യമായതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ നിയമ നടപടി തുടരും. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 69 പേര്‍ക്ക് നോട്ടീസ് നല്‍കി. 

 ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്ക് ചൊവ്വ വൈകിട്ട് നാലു മുതല്‍ ബുധന്‍ നാലു മണിവരെ 276 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 286 ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു 213 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പണംവച്ചു ചീട്ടുകളിച്ചതിനു പുളികീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ചാത്തങ്കരിയില്‍ ആള്‍ താമസം ഇല്ലാത്ത വീടിനു പിന്നിലിരുന്നു ചീട്ടു കളിച്ച സുജിത്, ഷിനു, ഷിബു, റോയ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 920 രൂപയും കണ്ടെടുത്തു. എസ്.ഐ ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ സിപിഒ മാരായ വിനീഷ്, സുനില്‍ എന്നിവരുമുണ്ടായിരുന്നു.

date