Skip to main content

പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ മേയറുടെ നേതൃത്വത്തിൽ വിലയിരുത്തി

കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ മേയർ അജിത ജയരാജന്റെ നേതൃത്വത്തിൽ വിലയിരുത്തി. പഞ്ചിക്കൽ തോടുമുതൽ പടിഞ്ഞാറോട്ട് പുഴയ്ക്കൽ മെയിൻ കാന വരെ 1350 മീറ്റർ ആഴം കൂട്ടലും ആര്യാസ് ഹോട്ടൽ, ടൊയോട്ട എന്നിവയുടെ മുന്നിലുള്ള തോട് വൃത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. താണിക്കുടം, പുഴയ്ക്കൽ, എം.എൽ.എ. റോഡ് മുതൽ ശോഭാസിറ്റിയുടെ വശം, പുഴയ്ക്കൽ വരെയുള്ള ഭാഗം രണ്ടര കിലോമീറ്റർ ദൂരം ആഴം കൂട്ടലും വെള്ളം കെട്ടി നിർത്താനുമുള്ള പ്രവൃത്തിക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ണ് സംരക്ഷണ വകുപ്പിന്റെ 6 പ്രവൃത്തികൾക്കായി 6.50 കോടി രൂപയുടെ ഭരണാനുമതിയും 13-ാം ഡിവിഷനിലെ കൈനൂർ തോട്, കൈപ്പാൽ തോട്, കുറിഞ്ഞാൽ തോട് ഡിവിഷൻ 3ലെ കട്ടിച്ചിറ തോട്, ഡിവിഷൻ 47ലെ പുല്ലഴി കോൾപ്പടവ് പാടശേഖരം, ഡിവിഷൻ 55ലെ കുറിഞ്ഞാക്കൽ തോട് എന്നിവ ആഴം കൂട്ടുന്ന പ്രവൃത്തികൾക്കുളള ഭരണാനുമതിയും ലഭിച്ചതായി മേയർ അറിയിച്ചു.

ഏനാമാവ് താൽക്കാലിക ബണ്ട് കാലവർഷ ആരംഭത്തിൽ തന്നെ സമയബന്ധിതമായി പൊളിച്ചുനീക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പിനെ അറിയിക്കും. തോടുകളിലെയും ചാലുകളിലെയും ചീർപ്പുകൾ നിർമ്മിച്ചുകഴിഞ്ഞാൽ യഥാസമയം പരിപാലിക്കുന്നതിനുള്ള നിർദ്ദേശം പാടശേഖരസമിതിക്ക് നൽകണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പിനെയും അറിയിക്കും. ബണ്ടുകളിലുള്ള സ്ലൈഡുകൾ കൊയ്ത്ത് കഴിഞ്ഞാലുടൻ തുറന്നുവെച്ച് ജല നിർഗ്ഗമനം സുഗമമാക്കണമെന്ന് പാടശേഖര സമിതിക്ക് നിർദ്ദേശം നൽകണമെന്ന് കെ.എൽ.ഡി.സി.യോട് ആവശ്യപ്പെടും. പുഴയ്ക്കൽ പാലം നിർമ്മാണത്തിൻറെ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും ചേറ്റുവ അഴിമുഖത്ത് വെള്ളം ഒഴിഞ്ഞുപോകുന്നതിന് തടസ്സമായി നിൽക്കുന്ന മണൽത്തിട്ട നീക്കം ചെയ്യുന്നതിനും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി.പി.സി. മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, കൗൺസിലർ അഡ്വ. എം.കെ. മുകുന്ദൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
 

date