Skip to main content
കുടുംബശ്രീ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍മിക്കുന്നു.

കുടുംബശ്രീ  അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗമൊരുക്കി പഞ്ചായത്തുകളുടെ കോട്ടണ്‍ മാസ്‌ക് നിര്‍മാണം

ആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കോറോണക്കാലത്ത് വരുമാനമാര്‍ഗമൊരുക്കി കോട്ടണ്‍ മാസ്‌ക്ക് നിര്‍മാണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മാസ്‌കുകള്‍ എത്തിക്കുന്ന ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയാണ്  കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണയായത്.

ഇളംദേശം  ബ്ലോക്ക്  പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 85 % സബ്സിഡിയോടെ ആറ് എസ്.സി.  വനിതകള്‍ക്ക്  അനുവദിച്ച സ്വയം തൊഴില്‍ പദ്ധതിയാണ് ഹരിത  ക്ലോത്ത്  ബാഗ്സ് ആന്‍ഡ് ടെയ്‌ലറിങ്  യൂണിറ്റ് . സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ച്  പ്രകൃതിയ്ക്ക്  ഇണങ്ങിയ കോട്ടണ്‍ മാസ്‌കുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഈ സംരഭം ആലക്കോട് പഞ്ചായത്തിലെ  അഞ്ചിരി എസ്.സി. കോളനി, ഇഞ്ചിയാനി, ചവര്‍ണ എന്നിവിടങ്ങളില്‍ കുടുംബശ്രീ അംഗങ്ങളായ  വീട്ടമ്മമാരുടെ പ്രധാന വരുമാന മാര്‍ഗമായി മാറി. പ്രതി ദിനം 1500 മാസ്‌കുകളാണ് ഈ യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നത്.

ആലക്കോട്  പഞ്ചായത്ത്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര വികസന വകുപ്പ്, സഹകരണ  ബാങ്ക് തുടങ്ങിയവര്‍ മാസ്‌കുകള്‍ക്കായി  നല്‍കിയ ഓര്‍ഡറുകള്‍ ഇതിനോടകം കൃത്യ സമയത്തു  പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മാസ്‌കുകള്‍ നിര്‍മാണപുരോഗതിയിലാണ്.
 
യൂണിറ്റിന്റെ മാര്‍ക്കറ്റിംഗ് ചുമതല കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍     ഷാജിമോന്‍.പി.എ., ആലക്കോട്  കുടുംബശ്രീ  മെമ്പര്‍  സെക്രട്ടറിയും വി.ഇ.ഒ. യുമായ പി.ജെ. അജീഷ്‌കുമാര്‍, കുടുംബശ്രീ ബ്ലോക്ക് കോ.ഓര്‍ഡിനേറ്റര്‍   ബിനു എന്നിവര്‍ക്കാണ്.   ആലക്കോട് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍  നെജ്മ നാസര്‍, ബ്ലോക്ക്  പ്രസിഡന്റ്  മര്‍ട്ടില്‍ മാത്യു, ബി.ഡി.ഓ. ഭാഗ്യരാജ് ,  ഐ.ഇ.ഓ. ബാബുരാജ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായാണ്  ഈ  പദ്ധതി നല്ല രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചത്.
 പദ്ധതിയ്ക്കായി ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ്  ടോമി കാവാലം  തെക്കുംഭാഗം  സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 300000/രൂപ  ലോണ്‍ അനുവദിപ്പിച്ചു. ഇളംദേശം  ബ്‌ളോക് പഞ്ചായത് ഭരണ സമിതി ബ്ലോക്ക് ഓഫീസിന് മുന്നിലെ വനിത വിപണന കേന്ദ്രത്തില്‍ ഒരു കടമുറി അനുവദിച്ചത് പ്രവര്‍ത്തന വിജയത്തിന് വഴിയൊരുക്കി.
ആലക്കോട് പഞ്ചായത്ത് ഹരിത കര്‍മ സേന അംഗങ്ങളായ  വിജയമ്മ സോമന്‍, രാജമ്മ  ഷൈനി എന്നിവരാണ് സംരഭത്തിന് നേതൃത്വ നല്‍കുന്നത്.

കരിമണ്ണൂര്‍ പഞ്ചായത്തില്‍ 200000/ രൂപായാണ് മാസ്‌ക് നിര്‍മാണത്തിനായി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ഇതോടൊപ്പം ചേറാടിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തുണി സഞ്ചി കൂടി നിര്‍മ്മിക്കുന്നുനുണ്ട്. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു വീട്ടില്‍ രണ്ട് മാസ്‌ക് വീതം എത്തിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യഷ്യമിടുന്നത്. അഞ്ചു പേര്‍ അംഗങ്ങളായ ഈ യൂണിറ്റില്‍ നിന്നും ഇതിനോടകം 10000 ത്തോളം മാസ്‌ക് കള്‍ നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയിരുന്നു. ഇവ പഞ്ചായത്തംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളില്‍ വിതരണം ചെയ്ത് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. വരുമാനമെന്നതിലുപരി മഹാമാരിയുടെ സമയത്ത് തങ്ങളുടേതായ രീതിയില്‍ സേവനത്തില്‍ പങ്കാളികളായതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍.
 

date