യുവജന കമ്മീഷൻ ഫെയ്‌സ്ബുക്ക് ക്യാമ്പയിന് മികച്ച പ്രതികരണം
കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീർക്കുമ്പോൾ, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു യുവജന കമ്മീഷന്റെ ക്യാമ്പയിന് മികച്ച പ്രതികരണം. യുവത്വത്തിന്റെ ആകെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പയിൻ തുടങ്ങിയത്. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം രൂപയിലധികമാണ് ക്യാമ്പയിൻ വഴി സ്വരൂപിക്കാൻ കഴിഞ്ഞത്. യുവ എം.എൽ.എ മാർ, അഡ്വ. എ.എം ആരിഫ് എം.പി, ചലച്ചിത്രതാരങ്ങളായ സണ്ണി വെയ്ൻ, ബിനീഷ് ബാസ്റ്റിൻ, സംവിധായകൻ അരുൺ ഗോപി, ഇന്ത്യൻ ഫുട്‌ബോൾ താരം ജോബിൻ ജസ്റ്റിൻ, കേരള സന്തോഷ് ട്രോഫി ടീം കാപ്റ്റൻ മിഥുൻ.വി ഉൾപെടെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ 'ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..' ക്യാമ്പയിന്റെ ഭാഗമായി വന്നിട്ടുണ്ട്. യുവ എഴുത്തുകാരൻ പി എം വ്യാസൻ തനിക്ക് അവാർഡിന്റെ ഭാഗമായി ലഭിച്ച മുഴുവൻ തുകയും നൽകി ക്യാമ്പയിന്റെ ഭാഗമായി. ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ യുവജന സംഘടനയുടേയും സാംസ്‌കാരിക വേദികളുടേയും യുവജനക്ലബ്ലുകളുടേയും നവമാധ്യമകൂട്ടായ്മയുടേയും സഹായം യുവജനകമ്മീഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ഒരുമയുടെ സാക്ഷ്യമായി ക്യാമ്പയിൻ മാറിയെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.
പി.എൻ.എക്സ്.1711/2020
- Log in to post comments