Skip to main content

അതിരുകള്‍ മായ്ച്ച് റേഷന്‍ വിതരണം ഐ.എം.പി.ഡി.എസ് സംവിധാനത്തിന് ജില്ലയില്‍ മികച്ച പ്രതികരണം

 

സംസ്ഥാനങ്ങളുടെ അതിരുകള്‍ റേഷന്‍ വിതരണ രംഗത്തു നിന്നും മായുകയാണ്.  രാജ്യത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐ.എം.പി.ഡി.എസ്) സംവിധാനത്തിന് ജില്ലയില്‍ മികച്ച  പ്രതികരണം. ഐ.എം.പി.ഡി.എസ് സംവിധാനം ഉപയോഗിച്ച് ജില്ലയിലുള്ള നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ റേഷന്‍ കൈപ്പറ്റി.

തിരൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ നിന്നും മഹാരാഷ്ട്ര നിവാസികളായ ഫൂലാബായി, ഈശ്വര്‍. പി. ഷിന്‍ഡെ, പാര്‍വതി മഹാദേവി ബബാര്‍, ഭരത് രാജാറാം ഇന്‍ഗോള്‍, സുന്ദര ബായി പിരാജി ഇന്‍ഗോള്‍ എന്നിവരാണ് തങ്ങളുടെ സംസ്ഥാനത്തെ റേഷന്‍കാര്‍ഡുപയോഗിച്ച് മെയ് മാസത്തെ റേഷന്‍ വിഹിതം ബയോമെട്രിക് സംവിധാനത്തിലൂടെ ജില്ലയില്‍ നിന്ന് കൈപ്പറ്റിയത്.  കര്‍ണ്ണാടകയില്‍ റേഷന്‍കാര്‍ഡുള്ള  എന്‍.ടി. ഫാത്തിമയും നിലമ്പൂര്‍ താലൂക്കില്‍ നിന്നും റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.  

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന റേഷന്‍കാര്‍ഡുടമകള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ റേഷന്‍ വിഹിതം വാങ്ങാന്‍ കഴിയും.   പുതിയ റേഷന്‍കാര്‍ഡില്ലാതെ സ്വന്തം സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റാനാവുമെന്നതാണ് ഐ.എം.പി.ഡി.എസ് സംവിധാനത്തിന്റെ പ്രത്യേകത. ആന്ധാ പ്രദേശ്,  ബീഹാര്‍,  ദാമന്‍ ആന്‍ഡ് ദിയു,  ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്,  ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ത്രിപുര, ഉത്തര്‍ പ്രദേശ് തുടങ്ങി  17 സംസ്ഥാനങ്ങളിലെയും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് നിന്ന് അവരുടെ റേഷന്‍ വിഹിതം വാങ്ങാന്‍ കഴിയും.കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ പദ്ധതി ഏറെ സഹായകരമാണ്.
 

date