മാസ്‌ക് നിര്‍മാണവുമായി തുടക്കം കുറിച്ച് രാഗം ടൈലറിങ് യൂണിറ്റ്
കോവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാലത്തെ സാമ്പത്തിക പരാധീനതകളെ മറികടന്ന് പുതിയൊരു ജീവിതം തുന്നിചേര്‍ക്കാന്‍ മാസ്‌ക് നിര്‍മാണത്തോടെ തുടക്കമിടുകയാണ് രാഗം ടൈലറിങ് യൂണിറ്റ്. കോങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മണിക്കശ്ശേരിയിലാണ് അഞ്ചു വനിതകളുടെ കൂട്ടായ്മയായ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 125000 രൂപയുടെ സബ്‌സിഡിയോടെയാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.
ടൈലറിങ് യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനം എടുത്തപ്പോള്‍ തന്നെ മാസ്‌ക് നിര്‍മാണത്തിനുള്ള നിരവധി ഓര്‍ഡറുകളാണ് ഇവര്‍ക്കു ലഭിച്ചത്. അതിനാല്‍ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പ് തന്നെ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
2.5 ലക്ഷം രൂപയാണ് യൂണിറ്റിനായി ചിലവായിരിക്കുന്നത്. ഇതില്‍ 1.25 ലക്ഷം രൂപ കാനറാ ബാങ്കില്‍ നിന്നുള്ള വായ്പയാണ്. ബാക്കി തുകയാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതകള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തി നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു നടന്ന യൂണിറ്റിന്റെ ഉദ്ഘാടനത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. കെ. രജനി, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ്
വി. സ്വാമിനാഥന്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ സരിത എന്നിവര്‍ പങ്കെടുത്തു.
- Log in to post comments