Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊടുപുഴ ഈസ്റ്റ്കലൂർ കൂവയിൽ കെ എസ് വിനുവിന്റെ മകൾ എഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രീ ഗൗരി 5000 രൂപയുടെ ചെക്ക് വൈദ്യുത മന്ത്രി എം എം മണിക്ക് കൈമാറുന്നു

ഏഴാം ക്ലാസുകാരിയുടെ കരവിരുതിൽ തീരുന്നത് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനാ "ബോട്ടിലുകൾ''

 

 

 

തൊടുപുഴ കോ. ഓപ്പറേറ്റീവ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രീഗൗരി വിനു തിരക്കിലാണ്. 'ബോട്ടിൽ ആർട്ട്' എന്ന തൻ്റെ കരവിരുതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുകയാണവൾ. ഇതിനോടകം ലഭിച്ച 5000 രൂപാ മന്ത്രി എം.എം.മണിയെ ഏൽപ്പിച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കി.

 

എല്ലാവരെയും പോലെ കൊറോണയെന്ന മഹാമാരി കാരണം ഒന്നര മാസമായി വീട്ടിൽ നിന്നിറങ്ങാതിരിക്കുകയായിരുന്നു ശ്രീഗൗരിയും. ഇതിനിടെയാണ് തൻ്റെ പ്രായത്തിലുള്ള വിദ്യാർഥികളുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ രീതിയിൽ പണം സംഭാവന ചെയ്യുന്നതായി ടി.വിയിലും പത്രത്തിലുമൊക്കെ വാർത്ത കണ്ടത്. ഇതോടെ തനിക്കുമെന്തെങ്കിലും ചെയ്യണമെന്ന ചിന്ത ശ്രീഗൗരിയിലുണ്ടായി.

 

ഇതോടെയാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ബോട്ടിൽ ആർട്ട് തന്നെ ഇതിനായവൾ തിരഞ്ഞെടുത്തത്. യൂ ട്യൂബിൽ നിന്നും ഇതിനായി 'ബോട്ടിൽ ആർട്ടിൻ്റെ' വൈവിധ്യങ്ങൾ പഠിച്ചു. അച്ചൻ വിനുവിൻ്റെ സഹായത്തോടെ വിവിധയിനം കുപ്പികൾ ആദ്യമേ സ്വരൂപിച്ചു. തുടർന്ന് ഇതിനായുള്ള പെയിൻ്റുകളും മെറ്റൽസുകളും സംഘടിപ്പിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 28 എണ്ണം പൂർത്തിയാക്കി.

 

പിന്നീട് നിർമാണം പൂർത്തിയാക്കിയ ബോട്ടിലുകളുടെ ചിത്രം മാതാപിതാക്കളുടെയും അവരുടെ, സുഹൃത്തുക്കളുടെയും വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. ഒന്നിനും വില നിശ്ചയിച്ചിചിട്ടില്ലെങ്കിലും ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതോടെ ആവശ്യക്കാരേറി. 

രണ്ട് ദിവസങ്ങൾക്കൊണ്ട് തന്നെ പാതിയിലേറെയും വിറ്റ് തീർന്നു. പലർക്കും വിറ്റ് തീർന്ന ഡിസൈനിലുള്ളവ തന്നെ വേണമെന്നറിയിച്ചതിനാൽ ഇപ്പോഴും നിർമാണം തുടരുകയാണ്. 

 

മകളുടെ സേവന പാതക്ക് പൂർണ്ണ പിന്തുണയുമായി പിതാവ് കുമാരമംഗലം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റുമായ വിനു കെ.എസ്. ഉം മാതാവ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ക്ലർക്ക് ദിവ്യ. എം.വി. യും ഒപ്പം തന്നെയുണ്ട്.

date