Skip to main content

തണ്ണിത്തോടിലെ കടുവ ആക്രമണത്തിൽ മരിച്ച ബിനീഷ് മാത്യുവിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട തണ്ണിത്തോട് റബ്ബർ സ്ലോട്ടർ ടാപ്പിംഗ് കോൺട്രാക്ടറായ ബിനീഷ് മാത്യു (42)വിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പുമന്ത്രി അഡ്വ. കെ.രാജു അറിയിച്ചു. പ്ലാന്റേഷൻ കോർപ്പറേഷന്റെ മേടപ്പാറ സി ഡിവിഷനിൽ ടാപ്പിംഗ് നടത്തുമ്പോഴാണ് ഇടുക്കി സ്വദേശിയായ ബിനീഷ് മാത്യുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ സമീപസ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുളളതായി സൂചനയുളളതിനാൽ സമീപവാസികൾ ജാഗ്രതയോടെയിരിക്കണമെന്നും വെളിച്ചക്കുറവുളള സമയങ്ങളിൽ വീടിന് പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും വനംമന്ത്രി അറിയിച്ചു. കടുവയെ കെണിവച്ച് പിടിക്കാൻ അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശവാസികൾക്ക് സംരക്ഷണം നൽകാൻ കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയതായി വനം വകുപ്പു മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.1719/2020

date